Breaking News

പ്രതിസന്ധികൾ തരണം ചെയ്ത കർഷകർക്കിത് വിയർപ്പിന്റെ വിളവെടുപ്പ്; ബളാൽ പാടത്ത് യന്ത്രം നെല്ല് കൊയ്തു


ബളാലിലെ നാരായണൻ മാമ്പളം, സേതുരാജ് മാവില, ബാലകൃഷ്ണൻ അത്തിക്കടവ്, കുഞ്ഞിരാമൻ മാമ്പളം എന്നീ നാല് കർഷകരുടെ 4 മാസം നീണ്ട അധ്വാനത്തിൻ്റെ വിളവെടുപ്പായിരുന്നു ചൊവ്വാഴ്ച്ച. 

ബളാൽ ക്ഷേത്രത്തിൻ്റേയും മാലോം പട്ടേലരുടേയും അധീനതയിലുള്ള ഏഴര ഏക്കറോളം പാടത്താണ് ഇക്കുറി ഈ നാൽവർ സംഘം കൃഷിയിറക്കിയത്. ആതിര നെൽവിത്താണ് വിതച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ പെരുമഴയും ഉരുൾപൊട്ടലും ഇവരുടെ കൃഷിയേയും പ്രതികൂലമായി ബാധിച്ചു. നെൽച്ചെടിയിൽ പുഴുശല്യം വർദ്ധിച്ചതും കനത്ത മഴയിൽ മരുന്ന് തളിക്കാൻ കഴിയാതിരുന്നതും ഇവർക്ക് തിരിച്ചടിയായി.

തൊഴിലുറപ്പ് തൊഴിലാളികളെ കൊയ്ത്തിന് കിട്ടാത്തതിനാലും, ബളാൽ അമ്പലം റോഡിലെ പാലം തകർന്നതും മഴയുടെ സാധ്യതയും കണക്കിലെടുത്ത് യന്ത്രത്തിൻ്റെ സഹായത്താലാണ് ഇത്തവണയും കൊയ്ത്ത് നടത്തിയത്. 

നീലേശ്വരം ബോക്ക് പഞ്ചായത്തിൻ്റെ നെല്ല് കൊയ്യുന്ന യന്ത്രം മണിക്കൂറിന് 2300 രൂപ വാടക നിരക്കിലും അയ്യായിരത്തോളം രൂപ വാഹന വാടകയും നൽകിയാണ് എത്തിച്ചത്. 15 മണിക്കൂർ സമയമെടുത്ത കൊയ്ത്തിന് മാത്രം മുപ്പത്തി അയ്യായിരം രൂപയോളം ചിലവായതായി കർഷകർ പറയുന്നു.  

എഴുനൂറ് പറ നെല്ലാണ് ഇത്തവണ കർഷകർക്ക് ലഭിച്ചത്. പുഴുശല്യം ഉണ്ടായത് വിളവ് കുറയാൻ കാരണമായെന്നും  ചിലവ് കണക്ക് കൂട്ടുമ്പോൾ ലാഭത്തിന് പകരം നഷ്ടമാണ് തങ്ങൾക്കുള്ളതെന്ന് കർഷകർ വേദനയോടെ പറയുന്നു.

No comments