ചെന്നൈയിൽ ആഞ്ഞടിച്ച് ‘നിവാർ’ ചുഴലിക്കാറ്റ്; 2 മരണം പുതുച്ചേരി മുഖ്യമന്ത്രിയുടെ വീട്ടിൽ വെള്ളം കയറി
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി.
അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.
No comments