Breaking News

ജയത്തിനരികെ കലമുടച്ചു; കേരള ബ്ലാസ്റ്റേഴ്സിന് ചോദിച്ചു വാങ്ങിയ സമനില



പനാജി: മറഡോണയെന്ന ഇതിഹാസത്തിന്‍റെ ഓർമകളിരമ്പിയ നിമിഷങ്ങളിലും ജയിച്ചു കയറാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആഗ്രഹിക്കാത്ത സമനില. രണ്ടു തവണ മത്സരത്തിൽ മുന്നിലെത്തിയിട്ടാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

ജയിക്കാമായിരുന്ന മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്. ക്യാപ്​റ്റന്‍ സെര്‍ജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറും നേടിയ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്​റ്റേഴ്​സിനെ കെസി അപിയയും ഇദ്​രീസ സിലയും നേടിയ ഗോളിലാണ്​ നോര്‍ത്ത്​ ഈസ്​റ്റ്​ പിടിച്ചുകെട്ടിയത്​.

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഒരു മിനിറ്റ് മൗനം ആചരിച്ചതിനുശേഷമാണ് മത്സരം തുടങ്ങിയത്. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സാണ് ആധിപത്യം പുലർത്തിയത്. അഞ്ചാം മിനിട്ടിൽ സിഡോഞ്ചയിലൂടെ അവർ മുന്നിലെത്തി. അതേസമയം നോര്‍ത്ത് ഈസ്റ്റിന് ആദ്യ പകുതിയിൽ മികവ് കാട്ടാനായില്ല.

ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഇംഗ്ലീഷ് താരം ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് ഉയർത്തി. ഹൂപ്പറുടെ കിക്ക് ഗോളി സുഭാശിഷ് റോയിയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ബോക്‌സിനകത്ത് വച്ച്‌ ബ്ലാസ്‌റ്റേഴ്‌സ് താരം ഖവ്‌ലറിങ്ങിനെ നോര്‍ത്ത് ഈസ്റ്റ് താരം രാകേഷ് പ്രദാന്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നെങ്കിലും മത്സരഗതിക്കെതിരെ 51-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. കോര്‍ണര്‍ കിക്ക് മുതലാക്കി അപിയയാണ് സ്‌കോര്‍ ചെയ്തത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം അപിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് മത്സരത്തിൽ നിർണായകമായി. അവസാന നിമിഷങ്ങളില്‍ തകര്‍ത്തു കളിച്ച നോർത്ത് ഈസ്റ്റിന്‍റെ പകരക്കാരൻ സൈല നിര്‍ണായക ഗോളിലൂടെ വടക്കുകിഴക്കൻ ശക്തികൾക്ക് സമനില നേടികൊടുത്തു. 90-ാം മിനിറ്റില്‍ ഗുരീന്ദര്‍ സിങ് നീട്ടിക്കൊടുത്ത പന്ത് നെഞ്ചുകൊണ്ട് പിടിച്ചെടുത്ത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകര്‍ത്ത് സൈല ഗോള്‍ നേടുകയായിരുന്നു.

ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റായി. അതേസമയം നോര്‍ത്ത് ഈസ്റ്റിന് രണ്ട് നാലു പോയിന്റായി.

No comments