Breaking News

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുന്നത് ദിവസങ്ങള്‍ എത്രയെടുത്താലും പോരാടാന്‍ ഉറച്ച്




കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യം കാണാനിരിക്കുന്നത് ചരിത്രപരമായ പോരാട്ടം. ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ എത്തുന്നത് മാസങ്ങളോളം ഡല്‍ഹിയില്‍ തങ്ങി പോരാടന്‍ ഉറച്ച്. വലിയ ഒരുക്കങ്ങളുമായാണ് കര്‍ഷകര്‍ ഇന്നും നാളെയും രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുന്നത്. നൂറ്കണക്കിന് ട്രാക്ടറുകളിലായി വരുന്ന കര്‍ഷകരുടെ കൈവശം മാസങ്ങള്‍ ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുക്കളുണ്ട്.

ഇതിനായി ട്രാക്ടറുകളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ട്രാക്ടറുകളിലുണ്ട്. കിടക്കകള്‍, പായ, ഡല്‍ഹിയിലെ തണുപ്പില്‍ പുതക്കാനുള്ള പുതപ്പ്, ട്രാക്ടര്‍ മുഴുവന്‍ മൂടാന്‍ കഴിയുന്ന ഷീറ്റുകള്‍ എന്നിവയെല്ലാമുണ്ട്. എത്ര ദിവസം എടുത്താലും ഡല്‍ഹിയില്‍ തങ്ങി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനം.


ഹരിയാന സര്‍ക്കാര്‍ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിഷേധക്കാരെ അതിര്‍ത്തിയില്‍ തടയുകയും പിന്തിരിപ്പിക്കാന്‍ ജലപീരങ്കി അടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനെ നേരിട്ട പ്രതിഷേധക്കാര്‍, ബാരിക്കേഡുകള്‍ പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ് മുന്നോട്ട് കുതിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനും ശേഷം പ്രക്ഷോഭകര്‍ പാലം കടക്കുകയും ഹരിയാനയില്‍ പ്രവേശിക്കുകയും ചെയ്തു.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



No comments