മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം; ശരണമന്ത്രങ്ങളുമായി അയ്യപ്പ ക്ഷേത്രനട തുറന്നു, തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി
ശരണമന്ത്രങ്ങളുമായി അയ്യപ്പ ക്ഷേത്രനട തുറന്നു. വ്രതശുദ്ധിയുടെ മണ്ഡലകാല തീര്‍ത്ഥാടനത്തിനു തുടക്കം കുറിച്ചുകൊണ്ട് അയ്യപ്പന്റെ തിരുസന്നിധിയില്‍ ദീപം തെളിഞ്ഞു. സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരിയാണ് നട തുറന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ സാന്നിധ്യമില്ലാതെയാണ് ശ്രീകോവില്‍ നട തുറന്നത്. പുതിയ മേല്‍ശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ദര്‍ശനത്തിനുണ്ടായിരുന്നത്.
ഞായറാഴ്ച പ്രത്യേക പൂജയോ ദീപാരാധനയോ ഉണ്ടായിരുന്നില്ല. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തില്‍ വി കെ ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്ത് മന എം എന്‍ രെജികുമാര്‍ എന്ന ജനാര്‍ദനന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി സ്ഥാനമേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. മാസങ്ങള്‍ക്ക് ശേഷം തീര്‍ഥാടക പ്രവേശനം അനുവദിച്ച് ശബരിമലയില്‍ ആദ്യമണിക്കൂറുകളില്‍ എത്തിച്ചേര്‍ന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ്.
No comments