ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട് പുതുച്ചേരി തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കേരളത്തിന് ഭീഷണി ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇറാന്‍ നിര്‍ദേശിച്ച ‘നിവര്‍’ എന്ന പേരാണ് ചുഴലിക്കാറ്റിന് നല്‍കിയത്. നിലവില്‍ പുതുച്ചേരിക്ക് 700 കിലോമീറ്ററും ചെന്നൈയ്ക്ക് 740 കിലോമീറ്ററും അകലെയുള്ള തീവ്ര ന്യൂനമര്‍ദം, ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി ബുധനാഴ്ച ഉച്ചയോടെ കാരയ്ക്കലിനുംമഹാബലിപുരത്തിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത
തമിഴ്‌നാട് പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കരയില്‍ പ്രവേശിക്കുക. നാഗപ്പട്ടണം, തിരുവരുര്‍, കാരയ്ക്കല്‍, പുതുച്ചേരി, പുതുക്കോട്ട, അറിയാലൂര്‍, തഞ്ചാവൂര്‍, വില്ലുപുരം, തുടങ്ങിയ പ്രദേശങ്ങളില്‍ അതിജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് വെെകുന്നേരം മുതല്‍ തമിഴ്‌നാട് തീരങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന് ഭീഷണി ഇല്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട സാധാരണ മഴയ്ക്കാണ് സാധ്യത. നിലവില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ തമിഴ്‌നാട്, പുതുച്ചേരി, കന്യാകുമാരി തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
No comments