Breaking News

വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കൊലക്കയറായി; കാഞ്ഞങ്ങാട്ട് യുവാവിന് ദാരുണാന്ത്യം


കാഞ്ഞങ്ങാട് : വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കൊലക്കയറായി ബൈക്കപകടത്തിൽ മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും രാവണേശ്വരത്ത് താമസക്കാരനുമായ പി.പി രതീഷ്(35) മരിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാൽ ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. എഞ്ചിൻ തകരാർ മൂലം കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള റോഡരികിൽ കിടന്ന പാഴ് വസ്തുക്കൾ കയറ്റിയ ഗുഡ്സ് ഓട്ടോയെ മറ്റൊരു വാഹനത്തിൻ്റെ പുറകിൽ കയർ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം. മുമ്പിലുള്ള വാഹനം ഇഖ്ബാൽ ജംഗ്ഷനിലേക്കു തിരിഞ്ഞയുടൻ പിറകിൽ എഞ്ചിൻ തകരാർ ഉള്ള വാഹനം പ്രധാന റോഡിൽ ഉളള സമയത്ത് കാഞ്ഞങ്ങാടു ഭാഗത്തു നിന്നു രാവണേശ്വരം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന രതീഷിന്റെ കഴുത്തിൽ, വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കുരുങ്ങിയത്. യുവാവ് റോഡിലേക്കു തെറിച്ചു വീണതോടൊപ്പം ബൈക്ക്  മീറ്ററുകളോളം ദൂരേക്കു തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാർ ഉടൻ യുവാവിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കെട്ടിവലിക്കാൻ ഉപയോഗിച്ച നീളമുള്ള പ്ലാസ്റ്റിക്കു കയർ കൊണ്ട് യുവാവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ രക്തം വാർന്നു റോഡിൽ തളം കെട്ടിയിരുന്നു. തുടർന്നു അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി ഗതാഗത തടസം നീക്കി

ഭാര്യ: സബിത. മക്കൾ: നിധീഷ്, നിമിഷ

No comments