ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകനും മരിച്ചു; ലോറിയുടെ പേരും 'വില്ലൻ'
കോട്ടയം: 'വില്ലൻ'ശരിക്കും വില്ലനായപ്പോൾ കോട്ടയത്ത് അച്ഛനും മകനും ദാരുണാന്ത്യം. കോട്ടയത്ത് കഴിഞ്ഞ ദിവസം രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലുൾപ്പെട്ട ലോറിയുടെ പേര് 'വില്ലന്‍' എന്നായിരുന്നു. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്ന വഴിയിൽ ബൈക്കിലിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഇലഞ്ഞി ആലപുരം കോലടിയിൽ രാജീവ് (50), മകൻ മിഥുൻ (21) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. തടിപ്പണി ചെയ്യുന്നതിനിടെ രാജീവിന്‍റെ കയ്യിൽ ജോലിക്കിടെ മുറിവേറ്റിരുന്നു. മകനുമൊത്ത് മോനിപ്പള്ളി എംയുഎം ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആലപുരം ഭാഗത്തെ വീട്ടിലേക്ക് മടങ്ങുന്ന വഴി എംസി റോഡിൽ നിന്ന് ഇലഞ്ഞി റോഡിലേക്ക് തിരിയുന്ന ഇടത്ത് വച്ചായിരുന്നു 'വില്ലൻ' പാഞ്ഞെത്തിയത്.
കൂത്താട്ടുകുളം ഭാഗത്തു നിന്നും പൂഴിമണ്ണ് കയറ്റിവരികയായിരുന്ന ലോറി കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ അതിവേഗത്തിൽ ബൈക്കിന്‍റെ പിറകിൽ വന്നിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
പാലാ ഗവണ്‍മെന്‍റ് പോളിടെക്നിക് വിദ്യാർഥിയാണ് മിഥുൻ. ഇരുവരുടെയും സംസ്കാരം ഇന്നു നടക്കും.
No comments