Breaking News

ആവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല: ഉപ്പളയിലെ സ്വർണ വ്യാപാരിയെ കർണ്ണാടക പോലീസ് കള്ളക്കേസിൽ കുടുക്കിയതായി പരാതി




ഉപ്പള: ആവശ്യപ്പെട്ട കൈക്കൂലി നൽകാത്ത വിരോധത്തിൽ ഉപ്പളയിലെ സ്വർണ വ്യാപാരിയെ കർണാടക പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി ബന്ധുക്കൾ ആരോപിച്ചു.

കർണാടക പണ്ഡിറ്റ് ഗ്രാമത്തിലെ ഹൻഡലുമറ്റ് കോളേജിന് സമീപത്തെ സരസമ്മ എന്നവരുടെ വീട് കഴിഞ്ഞ 11 ന് കവർച്ച ചെയ്യുകയും 23 ഗ്രാം സ്വർണം മോഷ്ടിക്കുകയും ചെയ്തിരുന്നു.

ഈ കേസിൽ കാസർകോട് മൊഗ്രാൽ സ്വദേശി ഇബ്രാഹിം കലന്തർ (38), ഷിമോഗയിലെ മഹമൂദ് മുദാസിർ (20), മൂടുബിദ്രി കോട്ടയിലെ ശഹീം സിദ്ദീഖ് (23) എന്നിവരെ മൂഡിബിദ്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ ഇബ്രാഹിം കലന്തർ സ്വർണം ഉപ്പളയിലെ സ്വർണ കടയിൽ വിറ്റതായും കണ്ടെത്തി.


പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കടയിൽ എത്തിയ സമയത്ത് 70 ഗ്രാം സ്വർണമാണ് നഷ്ടപെട്ടതെന്നും, ഇത് തിരിച്ചു തരണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന്‌ ഉടമ ഹനീഫ് ഗോൾഡ്‌ കിംഗ്‌ പറഞ്ഞു.എന്നാൽ, മോഷണം നടത്തിയെന്ന് വീട്ടുടമ പരാതിപ്പെട്ടതും, പ്രതി വിൽപന നടത്തിയതും 22.800 ഗ്രാം മാത്രമായിരുന്നു.ഈ സ്വർണം കടയുടമ പൊലീസിന് കൈമാറുകയും, പൊലീസ് ഇത് തൊണ്ടിമുതലിൽ ചേർക്കുകയും ചെയ്തു.

കേസിൽ സാക്ഷിയായി ചേർത്തതിനാൽ സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമീപിച്ചതിനെ തുടർന്ന് ബുധനാഴ്ച മൂഡിബിദ്രിയിൽ എത്തിയപ്പോൾ കേസിൽ നാലാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന്‌ ഹനീഫ് പറഞ്ഞു.




കോടതിയിൽ ഹാജരാക്കിയ ഹനീഫിനെ ഉടനെ ജാമ്യത്തിൽ വിടുകയും ചെയ്തു. കൈക്കൂലി നൽകാൻ തയ്യാറാവാത്ത വിരോധത്തിൽ തന്നെ പ്രതിയാക്കുകയും, തുടർന്ന് പ്രതികൾക്കൊപ്പം ഫോട്ടോ ഒട്ടിച്ചു സോഷ്യൽ മീഡിയയിൽ പൊലീസ് തന്നെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചു മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ, കാസറഗോഡ് എസ്.പി, മഞ്ചേശ്വരം പൊലീസ് എന്നിവർക്ക് ഹനീഫ് പരാതി നൽകിയിട്ടുണ്ട്.

No comments