കുട്ടികൾ പഞ്ചായത്ത് സാരഥികളായി; നാടിന്റെ വികസന പദ്ധതികൾ ചർച്ച ചെയ്ത് കുട്ടി ഭരണസമിതി
ചിറ്റാരിക്കാൽ: പ്രധാന ടൗണുകളിൽ അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം,
അങ്കണവാടികൾ എല്ലാം ശിശു സൗഹൃദം, പരിസ്ഥിതി സൗഹൃദ പശ്ചാത്തല വികസനം, എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും .. പദ്ധതികളുടെ ലിസ്റ്റ് നീളുകയാണ് ..
ഇവയൊക്കെ രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി...
ഇവയെല്ലാം കുട്ടികൾ പഞ്ചായത്ത് ഭരണ സാരഥികളായ ഭരണസമിതിയുടെ നയരൂപീകരണ സഭയിലെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ വികസന പദ്ധതികളാണ് ..!
ഈസ്റ്റ്എളേരി ചിറ്റാരിക്കാൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിലെ ബാലവേദി, കുട്ടികളുടെ റേഡിയോ എന്നിവയുടെ പ്രവർത്തകരായ വിദ്യാർഥികളാണ് ശിശുദിനത്തിൽ ഭരണകർത്താക്കളായി മാറി വേറിട്ട വികസന ചർച്ച ഒരുക്കിയത്.
കുട്ടികൾ പഞ്ചായത്ത് ഭരണകർത്താക്കളായാൽ എന്ന വിഷയത്തിലാണ്
ഇവർ ബാലപഞ്ചായത്ത് എന്ന ആശയം ശിശുദിനത്തിൽ ഒരുക്കിയത്.
ഗർഭിണികളും കൗമാരക്കാരും മുതൽ വിദ്യാർഥികളും മുതിർന്ന പൗരന്മാർ വരെയുള്ളവർക്ക് വേണ്ടിയും ഇവർ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഒന്നാം ക്ലാസുകാരനായ യദുകൃഷ്ണൻ മുതൽ പത്താം ക്ലാസുകാരനായ ആദിത്യൻ വരെയുള്ള ഇരുപതോളം കുട്ടികളാണ് ബാല പഞ്ചായത്തിലെ അംഗങ്ങൾ. കുട്ടികൾക്ക് പഞ്ചായത്ത് ഭരണ സംവിധാനത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രോഗ്രാം കോഡിനേറ്റർ സ്നേഹ വിനോദ് പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത് ഓൺലൈനിലൂടെ നിർവഹിച്ചു. ബാലവേദി കൺവീനർ തോമസ് അധ്യക്ഷയായി. വിദ്യാർഥികളായ പിഎസ് അൽന സിദ്ധാർഥ് സജീവൻ പി.വി.നീരജ്, അനഘ പി.വി ആവണി, ആദിത്യൻ, സിന്ദൂര എന്നിവർ നേതൃത്വം നൽകി.
No comments