Breaking News

ഇനി കോവിഡ് തോൽക്കും; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ വാക്സിൻ




ന്യൂയോർക്ക്; ഒരു വർഷത്തോളം ലോകമാകെ ഭീതി പരത്തിയ കോവിഡ് മഹാമാരിയെ അവസാനിപ്പിക്കാൻ വാക്സിനുകൾ സജ്ജമാകുന്നു. അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസർ-ബയോടെക് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലാണ് ഫൈസർ അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആൽബർട്ട് ബർല ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വിവരം പുറത്തുവന്നതോടെ ന്യൂയോർക്ക് ഓഹരി വിപണിയിൽ ഫൈസറിന്‍റെ ബയോടെക്കിന്‍റെയും മൂല്യം ഉയർന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ന്യൂയോർക്കിൽ ഫൈസറിന്റെ ഓഹരി മൂല്യം 1.3 ശതമാനവും ബയോ എൻ‌ടെക്കിന്‍റേത് 9.3 ശതമാനവും ഉയർന്നു. ഇതിനോടകം 13 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാമാരിയെ ഉടൻ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് ഫൈസർ വാക്സിൻ മുന്നോട്ടുവെക്കുന്നത്.

അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി വിപുലമായ റിപ്പോർട്ടാണ് ഫൈസർ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 12നും 15നും ഇടയിൽ പ്രായമുള്ള 100ഓളം കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചപ്പോഴുള്ള സ്ഥിതിഗതിയും ഉൾപ്പെടത്തിയിട്ടുണ്ട്. കൂടാതെ വാക്സിൻ പരീക്ഷണത്തിന് വിധേയരായ 45 ശതമാനം പേർ 56നും 85 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്നും ഫൈസർ വ്യക്തമാക്കുന്നു. വാക്സിൻ ഉപയോഗിച്ചവരിലെ വിശദമായ ആരോഗ്യനിലയും റിപ്പോർട്ടിലുണ്ട്.

അതേസമയം 95 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ വാക്സിന് അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകില്ലെന്നാണ് വിവരം. വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ആഴ്ചകൾക്കുള്ളിൽ വാക്സിന് യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയേക്കും. അതേസമയം ഡിസംബർ എട്ടിനും പത്തിനുമിടയിൽ യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിദഗ്ദ്ധ സമിതി യോഗം ചേർന്ന് ഫൈസർ വാക്സിനെക്കുറിച്ച് വിലയിരുത്തൽ നടത്തും. അതിനുശേഷമായിരിക്കും അനുമതി നൽകുക.

ഡിസംബർ പകുതിയോടെ എഫ്ഡി‌എ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്ന് ഫൈസർ പ്രതീക്ഷിക്കുന്നു. അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിൻ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഫൈസർ പൂർത്തിയാക്കും. തുടക്കത്തിൽ 2.5 കോടി ആളുകൾക്ക് ഉപയോഗിക്കാനുള്ള ഡോസാണ് സജ്ജമാക്കുന്നത്. ഈ വർഷം തന്നെ അഞ്ചു കോടി ആളുകളിൽ ഉപയോഗിക്കാനുള്ള വാക്സിൻ നിർമ്മിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും ഫൈസർ പറയുന്നു.

43,000 ത്തിലധികം ആളുകളിലാണ് ഫൈസർ വാക്സിൻ പരീക്ഷിച്ചിത്. ഇതിൽ അന്തിമഘട്ട പരീക്ഷണത്തിന് വിധേയരായ 170 കോവിഡ് രോഗികളിൽ 162 പേരിലും രോഗത്തിനെതിരായ ആന്‍റിബോഡി രൂപപ്പെട്ടു. ഇവരിൽ രോഗപ്രതിരോധം ഫലപ്രദമാണെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ വാക്സിൻ 95 ശതമാനവും ഫലപ്രദമാണെന്ന് ഫൈസർ അവകാശപ്പെടുന്നത്. യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയതുപ്രകാരം 50 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള വാക്സിനുകൾക്ക് അനുമതി ലഭിച്ചേക്കാം.

No comments