സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടാല്‍, അശ്ലീലം സന്ദേശങ്ങള്‍ അയച്ചാല്‍ നിങ്ങളെ പിടികൂടുന്നതെങ്ങനെ ?
ഒരു ബാങ്കിന്റെ സെര്‍വറിലേക്ക് കടന്നുകയറി പണം അപഹരിക്കുന്നു, അല്ലെങ്കില്‍ തന്ത്രപ്രധാനമായ ചില വിവരങ്ങള്‍ ചോര്‍ത്തുന്നു, വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നു, ഇതൊന്നുമല്ലെങ്കില്‍ തൊട്ടടുത്ത വീട്ടുകാരനെ ശല്ല്യം ചെയ്യാനായി മോര്‍ഫ് ചെയ്ത ഒരു ചിത്രം, തെറ്റിപ്പിരിഞ്ഞ കാമുകിയെയോ കാമുകനേയോ അപമാനിക്കാന്‍ ഒരു പ്രചാരണം…. അങ്ങനെ ചെറുതും വലുതുമായ എന്ത് സൈബര്‍ കുറ്റവും തെളിയിക്കപ്പെടും എന്നുറപ്പാണ്. എത്ര തേച്ചുമാച്ചാലും മാഞ്ഞു പോകാതെ ഡിജിറ്റല്‍ ലോകത്ത് അതങ്ങനെ പതിഞ്ഞുകിടക്കും. എങ്ങനെയാണ് സൈബര്‍ ലോകത്ത് നടത്തുന്ന കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെടുന്നതെന്ന് പരിശോധിക്കാം
എന്താണ് സൈബര്‍ കുറ്റകൃത്യം
കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലോകത്തില്‍ ചെയ്യുന്ന നിയമവിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയും സൈബര്‍ കുറ്റകൃത്യമാണ്. ഒരു വ്യക്തിയെ നിരന്തരമായി ശല്യപ്പെടുത്തുക, ലൈംഗീകാവശ്യങ്ങള്‍ ഉന്നയിക്കുക, ഭീഷണിപ്പെടുത്തുക, അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കുക, മോര്‍ഫിംഗ്, പണമോ മറ്റ് വസ്തുക്കളോ തട്ടിയെടുക്കുക ഇവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായി വരും.
ഓണ്‍ലൈനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ പിടിക്കപ്പെടില്ലേ..?
സൈബര്‍ ഇടത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് പലരുടെയും വിശ്വാസം. ആ വിശ്വാസത്തിന് പുറത്താണ് പലരും സൈബര്‍ ബുള്ളീയിംഗും ആക്രമണങ്ങളും നടത്തിയശേഷം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വരെ ഡിലീറ്റ് ചെയ്തു കളയുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെ ഒരു കുറ്റകൃത്യം ചെയ്താല്‍ ആ പ്രതിക്ക് അത്രവേഗം രക്ഷപെടാനാകില്ല. മറ്റു കുറ്റങ്ങളെ അപേക്ഷിച്ച് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓണ്‍ലൈനിലൂടെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഡിജിറ്റല്‍ തെളിവ് അവശേഷിക്കും. അത് തെളിവായി കോടതികളില്‍ കണക്കാക്കപ്പെടും.

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ നശിപ്പിച്ചാല്‍ ഡേറ്റാ നശിക്കുമോ
സോഷ്യല്‍ മീഡിയയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം പിടിക്കപ്പെടും എന്ന സാഹചര്യം എത്തുമ്പോള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തങ്ങളെ ഇനി ആര്‍ക്കും കണ്ടെത്താനാവില്ല എന്ന് കരുതിയിരിക്കുന്നവരാകും പലരും. എന്നാല്‍ നിങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.
എത്ര നശിപ്പിക്കാന്‍ നോക്കിയാലും ഓരോ അക്കൗണ്ടിന്റെയും ബാക്ക് അപ്പ് സോഷ്യല്‍മീഡിയാ സ്റ്റോര്‍ ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്കിന്റെ കാര്യമെടുക്കാം. പെര്‍മനന്റ് ആയി ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നിയമപരമായി മുന്നോട്ട് പോയാല്‍ മാത്രമേ സാധിക്കുകയുള്ളൂ. സൈബര്‍ സെല്ലിന് ഇത് വളരെ എളുപ്പം സാധിക്കും. അതല്ലാതെ അശ്‌ളീല സന്ദേശം അയച്ചതോ, അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ചതോ, മോശം കമന്റുകളും പോസ്റ്റുകളും ചെയ്തതോ പിടിക്കപ്പെടാതിരിക്കാന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ തെളിവ് നശിപ്പിച്ചു എന്നു പറയാന്‍ ആകില്ല.
കാരണം നമ്മുടെ ഓരോ ആക്ടിവിറ്റിയും ഫേസ്ബുക്ക് സ്റ്റോര്‍ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, നിലവില്‍ ആക്റ്റീവ് ആയ ഐഡിയില്‍ നിന്ന് ആ അക്കൗണ്ട് എന്നു തുടങ്ങിയോ അന്ന് മുതല്‍ അതില്‍ നടന്ന വിവരങ്ങള്‍ നമ്മുക്ക് തന്നെ എടുക്കാവുന്നത് ആണ്. അതിന് വേണ്ടി നിങ്ങളുടെ ഐഡിയില്‍ തന്നെ ആക്സസ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഫേസ്ബുക്ക് ഫീച്ചര്‍ പരിശോധിച്ചു ചെയ്തു നോക്കാവുന്നത് ആണ്. അതില്‍ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഓപ്ഷന്‍ വഴി അതുവരെ നടന്ന എല്ല ആക്റ്റീവിറ്റിസും കാണാന്‍ പറ്റുന്നതാണ്. ഇത് വെറും ഉദാഹരണം മാത്രം. ഇത്തരത്തില്‍ വിവരങ്ങള്‍ വീണ്ടെടുക്കാനാകും.

ഐപി അഡ്രസ് മാസ്‌ക്ക് ചെയ്താല്‍ രക്ഷപെടാനാകുമോ
ചിലര്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി, അല്ലെങ്കില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനും പങ്കുവയ്ക്കുന്നതുമെല്ലാം വിപിഎന്നുകള്‍ ഉപയോഗിക്കാറുണ്ട്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ഇത്തരം രീതികള്‍ പലരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ നിയമപരമായി മുന്നോട്ട് പോയാല്‍ വിപിഎന്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്താന്‍ ആകും. അതായത് സര്‍ക്കാര്‍ നിരോധിച്ച സൈറ്റുകളോ ബാന്‍ ചെയ്ത സൈറ്റുകളോ സന്ദര്‍ശിക്കുന്നവരെയെല്ലാം കണ്ടെത്താനാകും. കാരണം. ഇന്ന് മിക്ക ആള്‍ക്കാരും ഉപയോഗിക്കുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ലഭിക്കുന്ന ഫ്രീ വിപിഎന്നുകളാണ്. സര്‍ക്കാരിന് അല്ലെങ്കില്‍ പൊലീസിന് അത്തരം ആളുകളെ കണ്ടെത്തണം എങ്കില്‍ വിപിഎന്‍ പ്രൈാവൈഡ് ചെയ്യുന്ന കമ്പനിയുമായി നിയമപ്രകാരം മുന്നോട്ട് പോകാം. അത്തരം സാഹചര്യങ്ങളില്‍ കമ്പനി ഉപയോക്താവിന്റെ വിവരങ്ങള്‍ പൊലീസിന് കൈമാറേണ്ടി വരും. ഒട്ടു മിക്ക ആള്‍ക്കാരും ഫ്രീ വിപിഎന്‍ ആണ് യൂസ് ചെയുന്നത്. ചിലതില്‍ ഡിഎന്‍എസ് ലീക്കെജ് അഥവ ഡൊമേയ്ന്‍ നെയിം ലീക്കേജ് ഉണ്ടാകാനും സാധ്യത ഉണ്ട്.

പ്രൈവറ്റ് ബ്രൗസിംഗ് ഓപ്ഷന്‍ ഉപയോഗിച്ചാല്‍
പല ബ്രൗസറുകളും നിലവില്‍ ഇന്‍കോഗ്‌നിറ്റോ, പ്രൈവറ്റ് ബ്രൗസിംഗ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ സെര്‍ച്ച് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ സൂക്ഷിയ്ക്കില്ല എന്നാണ് ഇതില്‍ നല്‍കുന്നതെങ്കിലും യൂസര്‍ ഡാറ്റ സേവ് ചെയ്തു വെക്കാതിരിക്കാന്‍ ചെയുന്നത് ഒരു ടെംപററി സെഷന്‍ മാത്രമാണ് ഇന്‍കോഗ്‌നിറ്റോ. യൂസര്‍ ഇന്‍ഫൊര്‍മേഷന്‍സ് ഒന്നും ലോക്കലി ശേഖരിച്ചു വയ്ക്കുന്നില്ല. എന്നുള്ളതാണ് പ്രത്യേകത. ഇതുവഴി നമ്മുടെ ലൊക്കെഷനോ ഐപി അഡ്രസും ഒന്നും തന്നെ മാറുന്നില്ല. അത് യഥാക്രമം സൈറ്റിന് കിട്ടുന്നുണ്ട്. ഇതിലൂടെ ചെയുന്ന ക്രൈമുകളുടെയും ഐ പി ഇന്‍ഫോര്‍മേഷന്‍സ് ലോഗ് ജനറേറ്റ് ചെയ്യുന്നതിനാല്‍ കുറ്റവാളിയെ കണ്ടെത്തുവാന്‍ സാധിക്കും. ഒനിയന്‍ റൗട്ടറുകള്‍ അടക്കമുള്ളവ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നിയമപരമായി ചോദിച്ചാല്‍ കമ്പനി നല്‍കേണ്ടിവരും.

ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നത് എങ്ങനെ
കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കും. സൈബര്‍ സെല്ലുകള്‍ സോഷ്യല്‍ മീഡിയാ വഴിയുള്ള ക്രൈം ആണെങ്കില്‍ ആരാണ് സര്‍വീസ് പ്രൊവൈഡര്‍ എന്നത് നോക്കിയശേഷം അവര്‍ക്ക് റിക്വസ്റ്റ് നല്‍കും. ഐപി ഏതാണ്. കുറ്റകൃത്യം ചെയ്തിരിക്കുന്നത് എവിടെ നിന്നാണ്, ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസ് ഏതാണ്. നെറ്റുവര്‍ക്ക് കണക്ഷന്‍ ഏതാണ്, എന്നീ വിവരങ്ങള്‍ എടുക്കും. ടവര്‍ ലൊക്കേഷന്‍ നല്‍കുന്നത് സര്‍വീസ് പ്രൊവൈഡറാണ്. എസ്പി ലെവലിലുള്ള ഉദ്യോഗസ്ഥന്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് ടവര്‍ ലൊക്കേഷന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കും. നാലഞ്ച് വര്‍ഷം മുന്‍പുവരെ ടവര്‍ ലൊക്കേഷനായിരുന്നു ഇത്തരത്തില്‍ ലഭിക്കുക. ഏകദേശം വിവരങ്ങളായിരുന്നു അതുവഴി മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ ഇപ്പോള്‍ ഫോര്‍ജി സര്‍വീസുകള്‍ വന്നതിന് ശേഷം ഡിവൈസുതന്നെ ട്രാക്ക് ചെയ്ത് കണ്ടെത്താന്‍ സാധിക്കും. കോള്‍ വന്ന നമ്പരിന്റെ ഡിറ്റെയില്‍സ് എടുത്ത് ഉപയോഗിച്ച ഫോണിന്റെ ഐഎംഇഐ നമ്പരും കണ്ടെത്താം.

എന്താണ് ഐഎംഇഐ നമ്പരിന്റെ പ്രാധാന്യം
ഐഎംഇഐ എന്നാല്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി എന്നാണ്. നമ്മുടെ മൊബൈല്‍ ഫോണിന്റെ ഐഡന്റിറ്റി ഈ നമ്പര്‍ ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്. ഇത് യൂണിക് ആണ്. ഓരോ ഫോണുകള്‍ക്കും ഓരോ ഐഎംഇഐ നമ്പരായിരിക്കും. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെട്ട ക്രൈം കേസുകള്‍ തെളിയിക്കുന്നതിനും നിയമപരമായി കേസ് നടത്തുന്നതിനും ഐഎംഇഐ നമ്പര്‍ ആവശ്യമാണ്. കൂടാതെ നഷ്ടപെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനും. നഷ്ടപെട്ട ഫോണുകള്‍ മറ്റാരെങ്കിലും മിസ് യൂസ് ചെയ്യുന്നത് തടയുന്നതിനായി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനും മൊബൈല്‍ ഫോണുമായി ബന്ധപെട്ട എല്ലാ ഇടപാടുകള്‍ക്കും ഐഎംഇഐ നമ്പര്‍ അത്യാവശ്യമാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ എങ്ങനെ പരാതിപ്പെടാം
സാധാരണയായി പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് പരാതി കൊടുക്കേണ്ടത്. കൂടാതെ കേരളാ പൊലീസിന്റെ പോര്‍ട്ടല്‍ ആയ തുണ എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ സൈബര്‍ ക്രൈം പരാതികള്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരിട്ട് സമര്‍പ്പിക്കാം. ഈ പോര്‍ട്ടലിലൂടെ പരാതികള്‍ പേര് വെളിപ്പെടുത്താതെയും നല്‍കുവാന്‍ കഴിയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. കേരളാ പൊലീസിന്റെ എല്ലാ സൗകര്യങ്ങളും കോര്‍ത്തിണക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ ആയ പോല്‍-ആപ്പ് വഴിയും പരാതികള്‍ നല്‍കാം.

നിയമവശം
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമായി 2000 ഒക്ടോബര്‍ 17 ന് നിലവില്‍ വന്ന നിയമമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആക്ട്, ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍, കേരളാ പൊലീസ് ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും.
No comments