തെരഞ്ഞെടുപ്പിലും സിക്‌സറടിക്കാൻ വിഷ്ണു; ഇത് കന്നിയങ്കം
കേരള ക്രിക്കറ്റ് ടീമിനുവേണ്ടി ഒറ്റക്കൈയിൽ ബാറ്റേന്തി കൂറ്റൻ സിക്‌സറുകൾ അടിക്കുന്ന വട്ടംകുളം തൈക്കാട് സ്വദേശി വിഷ്ണു പുതിയൊരു മത്സരത്തിനിറങ്ങുന്നു. മലപ്പുറം വട്ടംകുളം ആറാം വാർഡ് കാന്തല്ലൂരാണ് മത്സരവേദി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന 22കാരൻ വിഷ്ണു, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്.
ഇക്കഴിഞ്ഞ വർഷം, ഭിന്നശേഷിക്കാരുടെ കേരള രഞ്ജി ടീമിൽ ഇടം നേടിയ വിഷ്ണു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റ കൈ കൊണ്ട് സിക്‌സറുകൾ പറത്തുന്ന വിഷ്ണുവിന്റെ വിഡിയോ, സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. തന്റെ പരിമിതികളെ മറികടന്ന് കളിക്കളത്തിൽ തിളങ്ങിയ വിഷ്ണുവിന്, ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.
കുട്ടിയായിരിക്കുമ്പോൾ ബസപകടത്തിലാണ് വിഷ്ണുവിന് വലതു കൈ നഷ്ടപ്പെട്ടത്. പക്ഷേ അതൊന്നും ലവലേശം പോലും വിഷ്ണുവിനെ ജീവിതത്തെ തളർത്തിയിട്ടില്ല. ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുമ്പോഴും രാഷ്ട്രീയ മൈതാനിയിൽ സിക്‌സർ അടിക്കുമെന്ന ഉറപ്പിലാണ് വിഷ്ണു.
No comments