Breaking News

കോവിഡ് പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി


​തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ടിക്കറ്റി നിരക്കിൽ ഇളവ് ഏർപ്പെടുത്തി കെ എസ് ആർ ടി സി. സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവീസുകളുടെ ടിക്കറ്റ് നിരക്കിലാണ് ഇളവ് ഏർപെടുത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 25 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.


കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. ഇത് പരിഹരിക്കുന്നത് ലക്ഷ്യം വച്ചാണ് പുതിയ നടപടി. നവംബർ നാലുമുതൽ ടിക്കറ്റ് നിരക്കിലെ ഇളവ് നിലവിൽ വരും.

ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഡയറക്ടർ ബോർഡ് അനുവാദം നൽകിയിരുന്നു. കൂടുതൽ യാത്രക്കാരെ കെ എസ് ആർ ടി സിയിലേക്ക് ആകർഷിക്കാനും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാനുമാണ് പുതിയ നീക്കം. കോവിഡ് കാലത്ത് ഉണ്ടായ വർദ്ധനവ് നിരക്ക് കുറയ്ക്കുന്നതോടെ ഇല്ലാതെയാകും.


സംസ്ഥാനത്തിന് ഉള്ളിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സിയുടെ എല്ലാ സൂപ്പർ ക്ലാസ് സർവീസുകൾക്കും ആയിരിക്കും നിരക്ക് ഇളവ് ബാധകമായിരിക്കുക. അതേസമയം, ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും നടപ്പാക്കുന്നതെന്ന് കെ എസ് ആർ ടി സി വൃത്തങ്ങൾ അറിയിച്ചു

No comments