തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്കുള്ള പ്രചരണ വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ.
ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്നും ജില്ലാ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് വാഹനങ്ങളും ഉപയോഗിക്കാം. നഗരസഭകളിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ട് വാഹനങ്ങളാണ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം കോർപ്പറേഷനിൽ സ്ഥാനാർത്ഥിക്ക് നാല് വാഹനങ്ങൾ വരെ ഉപയോഗിക്കാം.
പ്രചരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. മാത്രമല്ല
ഉച്ചഭാഷിണികള്‍ അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലും മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന ഉറപ്പ് വരുത്തണം. രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണം നടത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണെന്ന് ഉറപ്പ് വരുത്തണം.
No comments