Breaking News

പുല്ലരിയുമ്പോഴും മാസ്ക്; ബേഡകത്തെ നാരായണിയമ്മയ്ക്ക് പൊലീസിൻ്റെ ആദരം


കാഞ്ഞങ്ങാട്: പുല്ലരിയുമ്പോൾ മാസ്ക് ധരിച്ച് മാതൃകയായ വീട്ടമ്മയ്ക്ക് ബേഡകം പൊലീസിൻ്റെ ആദരം. ബേഡകത്തെ  നാരായണി അമ്മയുടെ  കൊവിഡ് കാലത്തെ നല്ല കരുതലാണ് പൊലീസിൻ്റെ ആദരവിന് കാരണമായത്. കഴിഞ്ഞ ദിവസം റോഡരികിൽ മാസ്ക് ധരിച്ച് പുല്ലരിയുന്ന നാരായണിയമ്മയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയൻ ശങ്കരൻപാടി ആയിരുന്നു വിഡിയോ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ വീഡിയോ കണ്ടാണ് അവർ ചെയ്ത നല്ല കാര്യത്തിന് അവരെ പ്രോത്സാഹിപ്പിക്കണമെന്ന തോന്നൽ ഇൻസ്പെക്ടർ   ഉത്തംദാസിനുണ്ടായത്. തുടർന്നാണ് വീട്ടിലെത്തി ആദരിക്കുവാൻ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം ബേഡകം ഇൻസ്പെക്ടർ ടി ഉത്തംദാസും സംഘവും വീട്ടിലെത്തിയപ്പോൾ നാരായണിയമ്മയും വീട്ടുകാരും ആദ്യമൊന്നമ്പരന്നു. പിന്നീട് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസുകാർ കൈകൂപ്പി തങ്ങൾ വന്ന കാര്യം പറഞ്ഞപ്പോഴാണ് പൊലീസിൻ്റെ മാനുഷിക മുഖം കണ്ട് നാരായണിയമ്മയ്ക്ക് മനസ്സ് നിറഞ്ഞത്. ഉത്തംദാസിനൊപ്പം

ജനമൈത്രി ബീറ്റ് പൊലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ, സുകുമാരൻ കാടകം, രാജേഷ് കരിപ്പാടകം, സ്പെഷ്യൽ ബ്രാഞ്ചിലെ ഭാസ്ക്കരൻ ബേത്തൂർപാറ എന്നിവരും നാരായണി അമ്മയെ  അനുമോദിക്കാനെത്തിയിരുന്നു. ഉത്തംദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

ജനമൈത്രി പൊലീസിൻ്റെ ഉപഹാരമായി മാസ്ക്കും ഗ്ലൗസും കിറ്റും നല്കി.

No comments