പാലിൽ മുങ്ങിക്കുളിച്ച് ജീവനക്കാരൻ; ഡയറി പ്ലാൻറ് അടച്ചുപൂട്ടി രണ്ടുപേർ അറസ്റ്റിൽ
സെൻട്രൽ അനറ്റോലിയൻ പ്രവിശ്യയായ കൊന്യയിലെ ഡയറി പ്ലാൻറിലാണ് സംഭവം. എമ്രെ സെയാർ എന്നയാളാണ് പാലിൽ മുങ്ങിക്കുളിച്ചത്. ഇതിന്റെ വീഡിയോ ടിക് ടോക്കിൽ അപ്ലോഡ് ചെയ്തത് ഉഗുർ തുർഗട്ട് എന്നയാളാണ്. വീഡിയോ വൈറലായതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവശേഷം ഉഗുർ തുർഗട്ടിനെ പിരിച്ചുവിട്ടതായി ഡയറി പ്ലാൻറ് അധികൃതർ അറിയിച്ചു. കൂടാതെ, എമ്രെ സെയാർ പാലില്ല മുങ്ങിയത്, അത് വെള്ളവും ക്ലീനിംഗ് ദ്രാവകവും ചേർന്നതാണെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു. വീഡിയോ തങ്ങളുടെ കമ്പനിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. അതിലെ ദ്രാവകം യഥാർത്ഥത്തിൽ ബോയിലറുകൾ കഴുകാൻ ഉപയോഗിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തെക്കുറിച്ച് കൊന്യ അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി മാനേജർ അലി എർഗിൻ അന്വേഷണം ആരംഭിക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളാലാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്. കമ്പനിക്ക് പിഴ ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.
No comments