Breaking News

പരപ്പ കുപ്പമാട്-വീട്ടിയോടി റോഡ് പ്രശ്നത്തിൽ നടപടിയായില്ല; നാട്ടുകാർ ജനകീയ വികസന സമിതി രൂപീകരിച്ചു

  

പരപ്പ: വികസന പാതയിൽ കുതിച്ചുയരുന്ന പരപ്പയുടെ തൊട്ടടുത്ത പ്രദേശത്താണ് റോഡില്ലാത്തതിനാൽ നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. കരിന്തളം എട്ടാം വാർഡ് കുപ്പമാട് വീട്ടിയോടി റോഡിൻ്റെ ആദ്യഘട്ട ടാറിംഗ് പ്രതീക്ഷിച്ച് നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം നാൽപത് കഴിയുന്നു.ദൈനംദിന ആവശ്യങ്ങൾക്ക് പരപ്പയെ ആശ്രയിക്കേണ്ട പ്രദേശവാസികൾക്ക് കാൽനട പോലും ദുഷ്കരമായ ജനങ്ങളുടെ ദുരിതം
അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.


ഒരു റോഡ് എന്ന നാട്ടുകാരുടെ ന്യായമായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികൾ അടക്കമുള്ള എല്ലാ അധികാരിവർഗങ്ങളോടുമുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് കിനാനൂർ കരിന്തളം എട്ടാം വാർഡ് കുപ്പമാട്, വീട്ടിയോടി പ്രദേശവാസികൾ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.


റോഡ് വിഷയത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ മുന്നോട്ടുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാനായി പ്രദേശവാസികൾ യോഗം ചേർന്ന് ജനകീയ വികസന സമിതി രൂപീകരിച്ചു. മുഖ്യരക്ഷധികാരിയായി ഇ. കെ ചന്ദ്രൻ നായർ, ദാമോദരൻ വീട്ടിയോടി,
നാരായണൻ നായർ, പുരുഷോത്തമൻ എന്നിവരെയും ചെയർമാനായി മഞ്ജുള രമേഷിനെയും,
കൺവീനർ ആയി രാധമോഹനേയും വൈസ് ചെയർമാനായി സുനിൽ വീട്ടിയോടിയെയും ജോയിന്റ് കൺവീനറായി ജയപ്രകാശ് തുടങ്ങി എക്സിക്യൂട്ടീവ് അംഗങ്ങൾ അടക്കം പതിനഞ്ചംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു

No comments