Breaking News

ശബരിമല പ്രസാദം തപാലില്‍; ബുക്കിങ് തുടങ്ങി നവംബര്‍ 16 മുതല്‍ അയച്ചു തുടങ്ങും


 ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


-അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ-പേയ്മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. ഇന്നു മുതല്‍ ബുക്കിംഗ് ആരംഭിച്ചു. നവംബര്‍ 16 മുതലാണ് കിറ്റുകള്‍ അയച്ചു തുടങ്ങുക.ചടങ്ങില്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ വി. രാജരാജന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സയ്യിദ് റഷീദ് എന്നിവര്‍ പങ്കെടുത്തു.


മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച്‌ 15ന് വൈകിട്ട് 5ന് നട തുറക്കും. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം അന്നു നടക്കും. മണ്ഡല പൂജ കഴിഞ്ഞ് ഡിസംബര്‍ 26നു രാത്രി നട അടയ്ക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തുടര്‍ന്ന് 19 വരെ ദര്‍ശനം ഉണ്ട്.


മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തേക്ക് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യു ബുക്കിങ് 2 ദിവസം കൊണ്ടുതന്നെ പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ മണ്ഡല, മകരവിളക്ക് കാലത്ത് 1000 പേര്‍ക്കേ പ്രവേശനം അനുവദിക്കൂ എന്നതില്‍ പുനരാലോചന നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതാണ് വിവരം. കോവിഡ് ചട്ടം പാലിച്ച്‌ തിങ്കള്‍ മുതല്‍ വെള്ളി വരെ 1000 പേരെ വീതവും ശനിയും ഞായറും 2000 പേരെ വീതവും അനുവദിക്കാനാണ് നിലവില്‍ തീരുമാനം.

No comments