Breaking News

കൊങ്കൺ തീവണ്ടികളിലെ കവർച്ച: കണ്ണൂർ പയ്യാവൂർ സ്വദേശി പിടിയിൽ


മുംബൈ: കൊങ്കൺ പാതയിൽ തീവണ്ടികളിൽ സ്ഥിരമായി കവർച്ചനടത്തുന്ന മലയാളിയുവാവിനെ റെയിൽവേ സുരക്ഷാസംഘം പിടികൂടി. കണ്ണൂർ പയ്യാവൂർ സ്വദേശിയായ നിഖിൽ കുമാർ(27) ആണ് ശനിയാഴ്ച കാർവാറിൽ പിടിയിലായത്.

ആർ.പി.എഫ്. ഇൻസ്പെക്ടറും മലയാളിയുമായ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്. 2.20 ലക്ഷം രൂപയുടെ ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഇയാളുടെ പക്കലിൽനിന്ന് കണ്ടെടുത്തു.

വെള്ളിയാഴ്ച ഉഡുപ്പിയിൽനിന്ന് കല്യാണിലേക്ക് മംഗളാ എക്സ്പ്രസിലെ സെക്കൻഡ് എ.സി. കമ്പാർട്ട്മെന്റിൽ യാത്രചെയ്ത വൊണിത ദിവാകർ ഷെട്ടിയുടെ ബാഗ് തട്ടിപ്പറിച്ചശേഷം ഇയാൾ രക്ഷപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങൾ തുടങ്ങുന്നത്. വണ്ടി മഡ്ഗാവ് സ്റ്റേഷൻ വിട്ട ഉടനെയായിരുന്നു സംഭവം. ഷെട്ടിയുടെ പരാതി പ്രകാരം വിനോദ്കുമാർ മഡ്ഗാവ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു യുവാവ് വണ്ടിയിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാളുടെ ചിത്രം ആർ.പി.എഫ്. സംഘത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇടുകയായിരുന്നു. പിറ്റേന്ന് മുംബൈയിൽനിന്ന് കേരളത്തിലേക്ക് പോയ നേത്രാവതി എക്സ്പ്രസിൽ തിരിച്ചു യാത്രചെയ്തിരുന്ന ഇയാളെ ആർ.പി.എഫ്. കോൺസ്റ്റബിളാണ് തിരിച്ചറിഞ്ഞത്. ഒരുദിവസം ഗോവയിൽ ചുറ്റിക്കറങ്ങിയശേഷം കേരളത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു നിഖിൽ. ഇയാൾ ധരിച്ച തൊപ്പിയാണ് തിരിച്ചറിയൽ എളുപ്പമാക്കിയതെന്ന് ഇൻസ്പെക്ടർ വിനോദ് കുമാർ പറഞ്ഞു. ഇതിന് മുമ്പും പലതവണ തീവണ്ടികളിൽ ഇയാൾ കവർച്ച നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.

കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കവർച്ചസംഘത്തിൽപ്പെട്ട കണ്ണിയാണ് ഇയാളെന്നും പോലീസ് പറയുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന കാസർകോട് സ്വദേശി നിസാറിനുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

No comments