കണ്ണൂരിൽ കണ്ടെത്തിയ അസ്ഥികൂടം അതിഥി തൊഴിലാളിയുടേത്; ഇയാളെ കാണാതായത് ലോക്ക് ഡൗൺ സമയത്ത്
കണ്ണൂർ: പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം അതിഥി തൊഴിലാളിയുടേത് എന്ന് വ്യക്തമായി. കണ്ണൂരിലെ കൂട്ടുപുഴയ്ക്കടുത്ത് പുഴയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാല് മാസം മുൻപ് കാണാതായ ഒഡിഷ സ്വദേശി ഫെഡ്രിക് ബാർലയാണ് മരിച്ചത്.
ലോക്ക് ഡൗണിനിടെ കർണാടക വനമേഖലയിൽ ഇയാളെ കാണാതായിരുന്നു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ കാണാതായത്.
ഇരിട്ടിക്കടുത്ത് നടക്കുന്ന കെ എസ് ഇ ബിയുടെ നിര്‍മാണ പ്രവൃത്തിക്കായി കര്‍ണ്ണാടക മാക്കൂട്ടം വഴി കേരളത്തിലേക്ക് പുറപ്പെട്ട ഒഡീഷ സംഘത്തിൽ ബാർല ഉണ്ടായിരുന്നു. കോവിഡ് പ്രതിരോധത്തെ തുടർന്ന് കൂട്ടുപുഴ പാലം വഴിയുള്ള രാത്രിയാത്ര നിരോധിച്ചിരുന്നു. തുടർന്ന് മാക്കൂട്ടം ചുരം പാതയോരത്ത് സംഘത്തിന്റെ വണ്ടി നിര്‍ത്തിയിട്ടു. എന്നാൽ നേരം പുലർന്നപ്പോൾ ബാർലയെ കാണാൻ ഇല്ലായിരുന്നു.
സംഘത്തിൽ ഒരാളെ കാണാനില്ലെന്ന് സഹയാത്രികർ കൂട്ടുപുഴ അതിർത്തിയിൽ വച്ച് പൊലീസിനോട് പരാതിപ്പെട്ടിരുന്നു. കാണാതായത് കർണാടകയിലെ മാക്കൂട്ടത്തു വച്ചായതിനാല്‍ വീരാജ്‌പേട്ട പൊലീസില്‍ പരാതി നല്‍കാന്‍ ഇരിട്ടി പൊലീസ് നിര്‍ദ്ദേശിച്ചു. ഇത് അനുസരിച്ച് ഒപ്പമുള്ളവര്‍ കര്‍ണ്ണാടക പൊലീസിന് പരാതി നല്‍കുകയും ചെയ്തു. കാണാതായ തൊഴിലാളി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സഹതൊഴിലാളികള്‍ കേരള പൊലീസിനെ അറിയിച്ചിരുന്നു.

No comments