Breaking News

വേറിട്ട കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം; ദിവാകരൻ നീലേശ്വരത്തെ വീട്ടിലെത്തി അനുമോദിച്ച് ജില്ലാ കലക്ടർ



നീലേശ്വരം : പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരത്തിൻ്റെ വേറിട്ട പ്രവർത്തനങ്ങളെ അനുമോദിക്കാൻ ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു കടിഞ്ഞിമൂലയിലെ വീട്ടിലെത്തി. മാസ്ക് ധരിച്ച് കലക്ടറെ സ്വീകരിക്കാൻ എത്തിയ പേരക്കുട്ടി നാലു വയസ്സുകാരൻ അർണവ്  കലക്ടറുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. 

ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച അദ്ദേഹം അപൂർവങ്ങളായ ഔഷധസസ്യങ്ങളുടെ ശേഖരവും കണ്ടൽ നഴ്സറിയും സന്ദർശിച്ചു. കള്ളുചെത്ത് തൊഴിലാളിയായ  ദിവാകരൻ പ്രകൃതിസംരക്ഷണത്തിനായി  നടത്തുന്ന വിലപ്പെട്ട പ്രവർത്തനങ്ങൾ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു.ജീവനം പദ്ധതിയുടെ ഭാഗമായുള്ള ഗൃഹവനം നിർമിക്കുന്നതിനും മിയാ വാക്കി വനം സൃഷ്ടിക്കുന്നതിനും പതിനായിരക്കണക്കിന് വൃക്ഷതൈകളും  ഔഷധസസ്യങ്ങളുമാണ് ദിവാകരനും കുടുംബവും വീട്ടുമുറ്റത്തെ നഴ്സറിയിൽ വളവും വെള്ളവുമൊഴിച്ച് പരിപാലിക്കുന്നത്. ബേക്കൽ ടൂറിസത്തിൻ്റെ ഭാഗമായി പാതയോരത്ത് സൃഷ്ടിക്കാനുദ്ദേശിക്കുന്ന  മിയാവാക്കി വനത്തിനുള്ള തൈകൾ കലക്ടർ തെരെഞ്ഞെടുത്തു.വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ  ബേക്കൽ സൗന്ദര്യവൽകരണത്തിൻ്റെ ഭാഗമായി പാതയോരത്ത് 91 ഇലഞ്ഞിമരതൈകളും ടാറ്റ കോവിഡ് ആശുപത്രി പരിസരത്ത് 151 നാട്ടുമാവിൻ തൈകളും പുഴയോരങ്ങളിൽ 600 കണ്ടൽ വൃക്ഷങ്ങളും ദിവാകരൻ സൗജന്യമായി  ബി.ആർ.ഡി.സി.ക്ക് നൽകുകയുണ്ടായി. ഇതുൾപ്പെടെ പ്രകൃതിസംരക്ഷണ രംഗത്ത്   ദിവാകരൻ നടത്തുന്ന പരിശ്രമങ്ങൾക്ക്  അംഗീകാരമായി വിനോദ സഞ്ചാര വകുപ്പിൻ്റെ സാക്ഷ്യപത്രം നൽകിയാണ് കലക്ടർ മടങ്ങിയത്. കലക്ടറുടെ സന്ദർശനം  പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിന് കലക്ടറുടെ സന്ദർശനം പ്രചോദനമായെന്ന് ദിവാകരൻ പറഞ്ഞു.

പടം : പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരന് ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു വീട്ടിലെത്തി  സാക്ഷ്യപത്രം കൈമാറുന്നു.

No comments