Breaking News

സ്ക്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്


കാഞ്ഞങ്ങാട് : കോവിഡ്  വ്യാപനം മൂലം അടച്ചിട്ട വിദ്യാലയങ്ങൾ   ഭാഗികമായി തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ചുവടെ ചേർത്ത നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ . വി രാംദാസ് അറിയിച്ചു. രോഗവ്യാപനതോത് അല്പം കുറഞ്ഞു നിൽക്കുന്ന  സാഹചര്യത്തിലാണ്  സർക്കാർ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളും അധ്യാപകരും  രക്ഷിതാക്കളും. ജാഗ്രതയോടെ ഇടപെടേണ്ടതാണ്

സ്കൂളുകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കുന്ന രീതിയിൽ കുട്ടികളെ  ക്ലാസ് മുറികളിൽ  പ്രവേശിപ്പിക്കാനും ഇരുത്താനും  അധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് .

മാസ്ക് ധാരണം, സാനിറ്റൈസർ ഉപയോഗം , കൈകഴുകൽ എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാൻ പാടുള്ളതല്ല. ഭക്ഷണ സമയത്തും വെള്ളം കുടിക്കേണ്ടി വരുന്ന സമയത്തും മാത്രമേ മാസ്ക് മുഖത്ത് നിന്ന് മാറ്റാൻ പാടുള്ളൂ.

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ആണ് കൂട്ടുകാരോടൊത്തുചേരുന്നത് എന്നുള്ളത് കൂട്ടം കൂടാനുള്ള അവസരമായി ഒരു കാരണവശാലും കുട്ടികൾ കാണാൻ പാടുള്ളതല്ല. ഹസ്തദാനം , ആലിംഗനം തുടങ്ങിയ സ്നേഹപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്.ഒരുമിച്ചുള്ള സംസാരവും  കളികളും കൂടിച്ചേർന്നുള്ള നടത്തവും എല്ലാം നിർബന്ധമായും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്

പേനകൾ ,പുസ്തകങ്ങൾ ,മറ്റു പഠനോപകരണങ്ങൾ എന്നിവ പരസ്പരം കൈമാറാനോ ഉപയോഗിക്കാനോ  പാടുള്ളതല്ല

സാധാരണയായി കുട്ടികളിൽ കാണുന്ന ശീലമാണ്  ഭക്ഷണം കഴിക്കുമ്പോൾ ഒരുമിച്ചിരുന്നു കഴിക്കുക എന്നുള്ളത് ,ഈ കോവിഡ് കാലത്ത് കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനും ഭക്ഷണസാധനങ്ങൾ പരസ്പരം പങ്കുവെക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

പ്രായമായവർ, ഗർഭിണികൾ,  കിടപ്പുരോഗികൾ , മറ്റു അസുഖമുള്ളവർ  തുടങ്ങിയവരുള്ള  വീടുകളിലെ  കുട്ടികൾ ഒരു കാരണവശാലും ഇവരുമായി  ഇടപഴകരുത്.


 ഏതെങ്കിലും തരത്തിലുള്ള   രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ നിർബന്ധമായും സ്കൂളിൽ നിന്നും മാറ്റുവാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് .

പനി, ജലദോഷം, തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾ സ്കൂളിൽ പോകുന്നതിൽ നിന്നും  മാറിനിൽക്കുകയും നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.

കഴിഞ്ഞ ഒരു വർഷത്തോളമായി നാം           കോവിഡിനെതിരായ പോരാട്ടത്തിലാണ്. നിരന്തരമായ ബോധവൽക്കരണത്തിലൂടെയും  പ്രതിരോധ പ്രവർത്തനത്തിലൂടെയുമാണ് നമ്മുടെ നാട് ലോകത്തിനു മാതൃകയായത് .സ്കൂൾ തുറക്കുമ്പോൾ കൂടുതൽ പേരിലേക്ക് രോഗവ്യാപനം ഇല്ലാത്ത രീതിയിൽ അധ്യയന വർഷം പൂർത്തിയാക്കാനും ആരോഗ്യപൂർണമായ മനസ്സോടും ശരീരത്തോടും കൂടി പരീക്ഷകൾ എഴുതാനും നമുക്ക് സാധിക്കണമെങ്കിൽ എല്ലാവരും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.


No comments