സംസ്ഥാനത്ത് പുതുവത്സരത്തലേന്ന് കർശന നിയന്ത്രണം; ആഘോഷം ഡിസംബർ 31 രാത്രി പത്തുവരെ മാത്രം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകൾ അനുവദിക്കില്ല. ഇന്നുരാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളുവെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ സാംബശിവ റാവു ഉത്തരവിട്ടു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ആഘോഷങ്ങളിലും ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങളിൽ ശ്രദ്ധക്കുറവ് വരുന്നതായും കാണുന്നുവെന്നും കളക്ടർ വ്യക്തമാക്കി. പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ തിങ്ങിനിറയുന്നതു കൂടുതൽ പേരിലേക്ക് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
- ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.
- ഡിസംബർ 31 മുതൽ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 6 മണിക്ക് ശേഷംബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും.
- ബീച്ചിൽ എത്തുന്നവർ വൈകുന്നേരം 7 മണിക്കുമുൻപായി ബീച്ച് വിട്ടു പോകേണ്ടതാണ്.
- കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും മാസ്ക് ധരിക്കാതിരിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും.
തിരുവനന്തപുരത്തും നിയന്ത്രണം
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.നവ് ജ്യോത് ഖോസ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ള എല്ലാവിധ ആഘോഷ പരിപാടികളും രാത്രി 10 മണി വരെ മാത്രമേ അനുവദിക്കു. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണമെന്നും പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളിൽ തന്നെ ഒതുക്കി നിർത്തണമെന്നും പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കരുതന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.
ആലപ്പുഴയിലും നിയന്ത്രണം
കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാത്തരത്തിലുള്ള ആഘോഷങ്ങൾക്കും കോവിഡ് 19 മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഡിസംബർ 31ന് നടക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്. പത്ത് വയസിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളിൽ നിന്നും ഒഴിവാക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അഡീഷണൽ എസ്.പി എൻ. രാജന്റെ നേതൃത്വത്തിൽ നാല് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 900 പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതുവത്സര ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
- നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷങ്ങള്‍ അനുവദിക്കില്ല.
- പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും.
- മദ്യപാനം ലഹരിവസ്തുക്കളുടെ ഉപയോഗം മുതലായവ ഈ അവസരങ്ങളിൽ കൂടുവാനുള്ള സാധ്യത കണക്കാക്കി ഓരോ പൊലീസ് സ്റ്റേഷനിലും അനുബന്ധ പെട്രോളിങ് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
- പുതുവത്സര അതോടനുബന്ധിച്ച് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പരിശോധന കർശനമാക്കും.
- ഡിസംബർ 31ന് വൈകിട്ട് ആറുമുതൽ ജനുവരി 1 പുലർച്ചെ 6 മണി വരെയാണ് പരിശോധന. പ്രത്യേക സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
- നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
- ബീച്ചുകൾ കായൽ ടൂറിസം മേഖലകൾ തുടങ്ങി ആളുകൾ ഒത്തുചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കും.
- എല്ലാ സ്റ്റേഷൻ പരിധിയിലും ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിന് ബൈക്ക് പട്രോളിംഗും, ജീപ്പ് പട്രോളിംഗും നടത്തും.
- ബീച്ചുകളിൽ പ്രവേശനം രാത്രി 9 മണിവരെ.
- ബാറുകളുടെ പ്രവർത്തനം രാത്രി 9 മണിവരെയും മാത്രമേ അനുവദിക്കൂ.
- മലിനീകരണ തോത് കുറവായ ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുകയുള്ളൂവെന്നും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
- ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാൻ 31ന് രാത്രി 11.55 മുതൽ 12.30 വരെ മാത്രമായിരിക്കും അനുമതി നല്‍കുക.
- ആഘോഷങ്ങളുടെ സ്ഥലത്ത് സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇല്ലാതാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
- മദ്യഉപയോഗം വർദ്ധിക്കുമെന്ന സാധ്യത മുന്നിൽകണ്ട് നിരോധിത മദ്യങ്ങളുടെയും മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനവും, വ്യാജകച്ചവടവും തടയുന്നതിന് ആവശ്യമായ പ്രത്യേക റെയ്ഡുകളും മറ്റും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും നടത്തിവരുന്നുണ്ടന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഐ.പി.എസ് പറഞ്ഞു.
No comments