നാശം വിതച്ച് ബുറെവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ 9 മരണം; കേരളത്തിലെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ചെന്നൈ: ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 9 ആയി. കടലൂരില്‍ വീട് തകര്‍ന്ന് വീണ് അമ്മയും മകളും മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. കാഞ്ചീപുരത്ത് പുഴയില്‍ വീണ് മൂന്ന് പെണ്‍കുട്ടികളും ചെന്നൈയിലും തഞ്ചാവൂരിലും വൈദ്യുതാഘാതമേറ്റ് രണ്ട് പേരും കടലൂരില്‍ മരം വീണ് യുവതിയും മരിച്ചു.
ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും കേരളത്തില്‍ ശക്തമായ കാറ്റിനും ഇടി മിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
മലയോര മേഖലകളിലും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
No comments