ചെങ്കൽക്വാറി സമരം ഒരാഴ്ച പിന്നിടുന്നു; ജില്ലയിലെ നിർമ്മാണമേഖല സ്തംഭനാവസ്ഥയിലേക്ക്
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ വകുപ്പുകളുടെ നിരന്തര റെയ്ഡുകളില് പ്രതിഷേധിച്ച് ചെങ്കല്‍ ക്വാറി ഉടമകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടതോടെ ജില്ലയില്‍ ചെങ്കല്ല് ക്ഷാമം മൂലം നിര്‍മാണമേഖല സ്തംഭനാവസ്ഥയിലായി. കല്ല് കിട്ടാനില്ലാത്തതിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും കെട്ടിടങ്ങളുടെയും വീടുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
സമരത്തിന് പിന്തുണയുമായി ചെങ്കല്‍ ലോറിയുടമകളുടെയും ഡ്രൈവര്‍മാരുടെയും സംഘടനയും രംഗത്തെത്തി. അനാവശ്യവും നിരന്തരവുമായ പരിശോധനകളിലൂടെ ഒരു തൊഴില്മേഖലയെയാകെ ഇല്ലാതാക്കുവാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സംഘടനാ യോഗം കുറ്റപ്പെടുത്തി. ഇന്നുമുതല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാഞ്ഞങ്ങാട്-ഉദുമ ഏരിയകളിലെ ചെങ്കല്‍ ലോറികള്‍ ഓട്ടം നിര്‍ത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ജില്ലയില്‍ ലൈസന്‍സില്ലാതെയും പഴയ ലൈസന്‍സ് പുതുക്കാതെയും പ്രവര്‍ത്തിച്ചിരുന്ന നിരവധി ക്വാറികള്‍ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. സാധുവായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ഉടമകള്‍ക്ക് ഭീമമായ പിഴത്തുകയാണ് ചുമത്തുന്നത്. സര്‍ക്കാരിന്റെ കര്‍ശനമായ മാനദണ്ഡങ്ങളെല്ലാം അതേപടി പാലിച്ചുകൊണ്ട് ക്വാറികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ നിലപാട്.
മറ്റു മേഖലകളെയും ബാധിച്ചുതുടങ്ങിയതോടെ സമരം അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

No comments