തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം യുഡിഎഫിന് ; വാർത്തസമ്മേളനത്തിൽ രമേഷ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന് കണ്ട് ഇടതുമുന്നണിയും സിപിഎമ്മും വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
'മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്. വെര്‍ച്വല്‍ റാലിയിലൂടെ എല്‍ഡിഎഫ് കള്ള പ്രചാരണം നടത്തുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ആര്‍എസ്എസിന്റെ ഭാഷയാണ്. നാട്ടില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയും. സര്‍ക്കാരിനു ഒരു നേട്ടവും എടുത്തുപറയാനില്ല. അതുകൊണ്ടാണ് വര്‍ഗീയത ഇളക്കിവിടുന്നത്,' ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ ഉന്നതനെ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്തു മൊഴിയാണ് മുദ്രവച്ച കവറില്‍ നല്‍കിയത്. കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധംകെട്ട് വീഴുമെന്നും ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫും സിപിഎമ്മും വലിയ അപചയമാണ് നേരിടുന്നത്. കൊറോണയില്‍ നിന്നു അകന്നു നില്‍ക്കണമെന്ന് പറയുന്നതുപോലെ സര്‍ക്കാരില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പറയേണ്ട അവസ്ഥയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കറിനെ എന്തുകൊണ്ട് സര്‍ക്കാര്‍ പിരിച്ചുവിടുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തില്‍ ഭരണമാറ്റത്തിനു സമയമായി. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ജനങ്ങളെ നേരിടുന്നത്. തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ഓര്‍ത്തുവേണം ജനങ്ങള്‍ വോട്ടു ചെയ്യാനെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

No comments