അങ്കം കഴിഞ്ഞു ഫലം നാളെ വോട്ടെണ്ണലിന് ആകെ 244 കേന്ദ്രം; പൂർണഫലം ഉച്ചയോടെ
സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാവുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് പൂർത്തിയായി. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതി ആവേശത്തോടെ പോളിങ് ബൂത്തിലെത്തിയ ജനതയുടെ മനസ്സറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. ബുധനാഴ്‌ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്‌റ്റൽ ബാലറ്റിനുശേഷം വോട്ടിങ്‌യന്ത്രങ്ങൾ തുറക്കും. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലങ്ങളെത്തും.
പതിനൊന്നോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണൽ പൂർത്തിയാകും. ഉച്ചയോടെ ഫലം പൂർണമായും അറിയാനാകും.
തിങ്കളാഴ്‌ച നാല് വടക്കൻ ജില്ലകളിൽ നടന്ന അവസാനവട്ട വോട്ടെടുപ്പിലും ജനങ്ങൾ ആവേശപൂർവം ബൂത്തിലേക്കെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രാഥമിക കണക്ക് പ്രകാരം 78.64 ശതമാനമാണ് പോളിങ്. മലപ്പുറം 78.87, കോഴിക്കോട്- 79.00, കണ്ണൂർ 78.57, കാസർകോട് 77.17എന്നിങ്ങനെയാണ് പോളിങ് ശതമാനം. കോഴിക്കോട് കോർപറേഷനിൽ 70.29 ശതമാനവും കണ്ണൂരിൽ 71.65 ശതമാനവും വോട്ട് രേഖപ്പെടുത്തി.
മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോളിങ് 76.10 ശതമാനത്തിലേറെയാണ്. എട്ടിന് നടന്ന ആദ്യഘട്ടത്തിൽ 73.12 ശതമാനവും പത്തിന് രണ്ടാംഘട്ടത്തിൽ 76.78 ശതമാനവുമായിരുന്നു.
വോട്ടെണ്ണലിന് 244 കേന്ദ്രം
ആദ്യഫലം എട്ടരയോടെ. ഉച്ചയോടെ പൂർത്തിയാകും
കേരളം കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾമാത്രം. എട്ടിന് തെക്കൻ ജില്ലകളിൽ ആദ്യഘട്ട വോട്ടെുപ്പ് നടന്നശേഷം എട്ടാം ദിവസമാണ് വോട്ടെണ്ണൽ. ഇത്രയധികം ദിവസത്തെ കാത്തിരിപ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ അപൂർവമാണ്. മൂന്നുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സംസ്ഥാനത്തെ 244 കേന്ദ്രത്തിൽ ബുധനാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലസൂചന എട്ടരയോടെ ലഭിക്കും. ഒമ്പതോടെ ആദ്യഘട്ട വാർഡുകളിലുള്ള ഫലം പുറത്തുവരും. രാവിലെ പതിനൊന്നോടെതന്നെ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്കടിസ്ഥാനത്തിൽ 152 കേന്ദ്രത്തിലാണ്. 86 മുനിസിപ്പാലിറ്റികളുടെയും ആറ് കോർപറേഷന്റെയും വോട്ടെണ്ണൽ അതത് സ്ഥാപനങ്ങളിലെ ഓരോ കേന്ദ്രത്തിലാണ് നടക്കുക.
ആദ്യം തപാൽവോട്ട്
എട്ട് ബൂത്തിന് ഒരു മേശവീതമാണ് സജ്ജീകരിക്കേണ്ടത്. ഒരു വാർഡിലെ എല്ലാ ബൂത്തിലെയും വോട്ടെണ്ണൽ ഒരു മേശയിലായിരിക്കും. തപാൽവോട്ടും സ്‌പെഷ്യൽ തപാൽവോട്ടും ഒരുമിച്ച് ആദ്യം എണ്ണും. ഗ്രാമ–ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽവോട്ട് വരണാധികാരികളാണ് എണ്ണുക. എന്നാൽ, ജില്ലാപഞ്ചായത്തിലേത് കലക്ടറേറ്റിലാണ്. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽനിന്ന് കൺട്രോൾ യൂണിറ്റ് എത്തിക്കുക. തെരഞ്ഞെടുപ്പ് ഏജന്റിനുപുറമെ ഒരു കൗണ്ടിങ് ഏജന്റിനുകൂടി വോട്ടെണ്ണൽ ഹാളിൽ പ്രവേശനം അനുവദിക്കും.
വിവരങ്ങൾക്ക് ട്രെൻഡ്
ഫലം തത്സമയം ജനങ്ങളിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെൻഡ് വെബ്‌സൈറ്റ് സജ്ജം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് സൈറ്റിൽ ലഭിക്കും. വാർഡുകളിലെ പോളിങ് സ്‌റ്റേഷൻ അടിസ്ഥാനത്തിലും ഓരോ തദ്ദേശ സ്ഥാപനത്തിലെയും വോട്ടെണ്ണൽ നില മനസ്സിലാക്കാം.
സത്യപ്രതിജ്ഞ 21ന്
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്. മുതിർന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.
അധ്യക്ഷ–ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസംതന്നെ. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ അറിയിച്ചു. malayoram flash

No comments