രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ് ടാഗ് സംവിധാനത്തിലേക്ക്
തൃശൂർ: തൃശൂർ പാലിയേക്കര ടോൾ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം. പ്രദേശവാസികള്‍ക്കും ഇത് ബാധകമാണ്.
2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്രസർക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് ഗേറ്റിലൂടെ ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇത് കർശനമായി പലപ്പോഴും നടപ്പിലാക്കാറില്ല. പക്ഷെ അടുത്ത മാസം ഒന്നു മുതല്‍ ഇത് കർശനമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.
ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ പാലിയേക്കാരായിലെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റ് ഉണ്ടാകില്ല. ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. അതായത് ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും. ഫാസ്ടഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇൻഷുറസ് പുതുക്കുന്നതിനും അനുമതിയില്ല.
പ്രതിദിനം 40000 വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. ഇതിൽ 55 ശതമാനം പേർ മാത്രമേ ടാഗ് എടുത്തിട്ടുള്ളൂ. ഫാസ് ടാഗ് സംവിധാനം കർശനമാക്കുന്നതോടെ ടോള്‍ പ്ലാസയില്‍ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും സാധ്യതയേറെയാണ്.
No comments