Breaking News

സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ അതിക്രമം തടയുന്നതിനിടെ മർദനം; ചികിത്സയിലിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു


ജയ്പൂർ: സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡന ശ്രമം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. ഒരു സ്വകാര്യ ചാനലിൽ വീഡിയോ ജേർണലിസ്റ്റായ അഭിഷേക് സോണി (27) ആണ് മരിച്ചത്. മൂന്നംഗ സംഘത്തിന്‍റെ ആക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിഷേക്, ചികിത്സയിൽ തുടരവെ ബുധനാഴ്ചയോടെയാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് അഭിഷേകിന് നേരെ ആക്രമണം ഉണ്ടായത്. അന്നേ ദിവസം രാത്രി പതിനൊന്നരയോടെ സുഹൃത്തും സഹപ്രവർത്തകയുമായ യുവതിക്കൊപ്പം ഒരു ദാബയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇയാൾ. ഇതിനിടെ അവിടെയുണ്ടായിരുന്ന കുറച്ച് ആളുകൾ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി.


അഭിഷേക് ഇത് തടയാൻ ശ്രമിച്ചതോടെ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡും ലാത്തിയും ഉപയോഗിച്ചായിരുന്നു സംഘം അഭിഷേകിനെ മർദ്ദിച്ചത്. തടയാന്‍ ശ്രമിച്ച യുവതിക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പത്ത് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഡിസംബർ 23ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ ഇതിനോടകം വൈറലായിരുന്നു. അഭിഷേകിന്‍റെ കൊലപാതകികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാളുടെ മാതാപിതാക്കളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.  സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി മാനസരോവർ പൊലീസ് ഉദ്യോഗസ്ഥൻ രാമേശ്വർ ലാൽ അറിയിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

No comments