Breaking News

ലൈവ് അനൗൺസ്‌മെന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന് ചുള്ളിക്കരയിലെ പത്ത് വയസുകാരി



രാജപുരം :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലൈവ് അനൗൺസ്മെന്റിൽ   നാട്ടുകാർക്ക് കൗതുകമായി കുഞ്ഞു അനൗൺസർ. കോടോത്ത് അംബേദ്കർ ഗവ.സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ചുള്ളിക്കര പയ്യച്ചേരിയിലെ ആദിനിത്യയാണ് ശബ്ദ സാന്നിധ്യം കൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയയായത്. ശക്തമായ മത്സരം നടക്കുന്ന കള്ളാർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ  എൽഡിഎഫ് സ്വാതന്ത്ര

സ്ഥാനാർത്ഥി ജോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ്  ആദിത്യ മൈക്ക് കയ്യിലേന്തിയത്.പ്രചരണ ജീപ്പിൽ മുൻസീറ്റിലിരുന്ന് അക്ഷര സ്പുടതയോടെ ഇടതുസർക്കാരിന്റെ നേട്ടങ്ങൾ ആദിനിത്യ വിളിച്ചു പറഞ്ഞപ്പോൾ

മലയോര ഗ്രാമത്തിലെ നാട്ടിടവഴികളിലെല്ലാം ശബ്ദത്തിന്റെ ഉടമയെ തേടി ആളുകൾ എത്തി. 

രണ്ട് മണിക്കൂർ നേരം ലൈവ് അനൗൺസ്മെന്റ് ചെയ്ത് സ്ഥാനാർഥിയുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ബളാൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ കെ. മെയ്സന്റെയും കോടോത്ത് അംബേദ്കർ ഗവ.സ്കൂൾ അധ്യാപിക എ.വി രസിതയുടെയും മകളാണ് ആദിനിത്യ. മോണോആക്ടിലും പ്രസംഗമത്സരത്തിലും മികവ് തെളിയിച്ച ഈ പത്തുവയസുകാരിക്ക് അനൗൺസ്മെന്റ് രംഗത്ത് ഏറെ പെരുമയുള്ള പാരമ്പര്യംകൂടിയുണ്ട്. ശബ്ദ കുലപതി കരിവെള്ളൂർ രാജന്റെ മരുമകളുടെ മകളാണ് ആദിനിത്യ. അതിനിദ്ധ് സഹോദരനാണ്.

No comments