Breaking News

കര്‍ഷക പ്രക്ഷോഭം; പ്രധാനമന്ത്രി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും


സുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി പങ്കെടുക്കുക. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.

നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച് നില്‍ക്കും എന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഇന്നത്തെ നിലപാട് വ്യക്തമാക്കലിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കത്തെഴുതി.

താങ്ങുവില നിര്‍ത്താലാക്കുമെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ കര്‍ഷകര്‍ വിശ്വസിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് മന്ത്രിയുടെ കത്ത്. താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. ‘ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് എന്റെ ചുമതലയാണ്. റെയില്‍വേ ട്രാക്കുകളില്‍ ഇരിക്കുന്നവര്‍ക്ക്, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ല.’ കത്തില്‍ കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.

No comments