ഈ വർഷം സ്കൂൾ തുറക്കണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം; വേണ്ടെന്ന് രണ്ടാംക്ലാസുകാരന്റെ മറുപടി; പൊട്ടിച്ചിരി
കണ്ണൂർ: പാർട്ടി യോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടാം ക്ലാസ് വിദ്യാർഥിയുടെ അഭ്യർത്ഥന വൈറലാകുന്നു. ഈ വർഷം ഇനി സ്‌കൂൾ തുറക്കേണ്ട എന്നാണ് മുഖ്യമന്ത്രിയോട് മാസിൻ എന്ന രണ്ടാം ക്ലാസ്സുകാരന്റെ ശുപാർശ. കുട്ടിയോട് മുഖ്യമന്ത്രിയുടെ കുശലാന്വേഷണവും നിഷ്കളങ്കമായ മറുപടിയും കണ്ടു നിന്നവരിലെല്ലാം ചിരി പടർത്തി.
ചക്കരക്കല്ലിൽ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് പ്രവർത്തനാവലോകനത്തിനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാണാനായി കാത്തുനിൽക്കുകയായിരുന്നു മാസിൻ. സ്കൂൾ തുറക്കണോ?, രണ്ടാം ക്ലാസുകാരൻ മുഹമ്മദ് മാസിനോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. തലയാട്ടിക്കൊണ്ട് വേണമെന്ന് മാസിന്റെ മറുപടി. ഈ വർഷം തുറക്കണോ എന്നായി മുഖ്യമന്ത്രി വേണ്ടെന്ന് മാസിൻ.
സിപിഎം ഏരിയാ സെക്രട്ടറി പി കെ ശബരീഷിനൊപ്പം പുറത്തിറങ്ങിയ മുഖ്യമന്ത്രി 'നല്ല മാസ്കാണല്ലോ'യെന്ന് മാസിനോട് കുശലം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാനായി കാത്തുനിൽക്കുകയാണെന്ന് പൊലീസുകാർ പറഞ്ഞപ്പോൾ കുനിഞ്ഞ് ഏതു ക്ലാസിലാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. സ്കൂളില്ലല്ലോ എന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോൾ രണ്ടാം ക്ലാസിലെന്ന് മറുപടി. ഓൺലൈൻ ക്ലാസില്ലേയെന്നും പരീക്ഷയില്ലേയെന്നുമെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ. ഒടുവിലാണ് വിഷയം സ്കൂൾ തുറക്കലിലേക്ക് എത്തിയത്.

No comments