പ്രതിപക്ഷത്തിരിക്കുമ്പോള്‍ പലതും ചെയ്യും; ഉന്തുവണ്ടി സമരത്തില്‍ സുരേന്ദ്രന്റെ പ്രതികരണം
പെട്രോള്‍ വില വര്‍ധനവ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന തരത്തില്‍ പ്രതികരണവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ധനവൊക്കെ ആര് നോക്കാനെന്ന് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ച ആളായിരുന്നല്ലോ താങ്കള്‍ എന്നും ഇപ്പോള്‍ വില കുത്തനെ വര്‍ധിക്കുമ്പോള്‍ എന്താണ് പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന് അതിനെന്താണ് കുഴപ്പമെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടല്ലോ അവര്‍ ഉന്തണ്ടെയെന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.
ഞാന്‍ ഉന്തിയത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഇത് ഇത്ര വലിയ ആനക്കാര്യമാണോ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യും. ഏത് വിഷയത്തിലും അങ്ങനെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പെട്രോളിന്റെ വില നിര്‍ണയ അധികാരം എടുത്തുകളഞ്ഞത് കോണ്‍ഗ്രസാണെന്നും പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലനിര്‍ണയ അധികാരം സര്‍ക്കാറിന്റെ കൈയില്‍ നിന്ന് എടുത്തുകളഞ്ഞത് യു പി എ സര്‍ക്കാറാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

No comments