Breaking News

സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം


തിരുവനന്തപുരം: പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

ഗൌരവമുള്ള കുറ്റമാണ് പ്രതികൾ ചെയതതെന്നും നിയമ അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. താൻ അർബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയിൽ ഇളവ് നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സിസ്റ്റർ സെഫി കോടതിയിൽ പറഞ്ഞിരുന്നു.

സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.

ഒരു വർഷത്തിന് മുൻപാണ് സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ യഥാക്രമം ഒന്നും മൂന്നും പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് സഹായകരമായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയെന്നെഴുതി തള്ളാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഉത്തരവിൽ 1992 മേയ് 18നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളിൽ അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി സിബിഐ എഫ്ഐആർ കോടതിയിൽ നൽകി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ എസ്.പിയായിരുന്ന കെ ടി മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയിരുന്നു. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. തൽക്കാലം പ്രതിപ്പട്ടികയിൽ ഒഴിവാക്കുന്നതായും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിയാക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഫാ.ജോസ് പുതൃക്കയിലിനെയും തെളിവില്ലെന്ന് കണ്ടാണ് കോടതി ഒഴിവാക്കിയത്. പിന്നീടും ഏറെ നാൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിലാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.

No comments