വെസ്റ്റ്എളേരിയിൽ പാട്ടുംപാടി ജയിക്കാൻ ശാന്ത..
വെള്ളരിക്കുണ്ട്: തൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനങ്ങൾ തയ്യാറാക്കാൻ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം എഴുതിയും പാടിയും വ്യത്യസ്തയാവുകയാണ്
വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഇടതുപക്ഷമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ശാന്ത ചന്ദ്രൻ.
ഈ പ്രചരണഗാനം വെറും വോട്ട് അഭ്യർത്ഥന മാത്രമല്ലെന്നും തൻ്റെ ജീവിതം എന്താണെന്നും തന്നെ പരിചയപ്പെടുത്താനും താൻ വ്യാപരിച്ച മേഖലകളെക്കുറിച്ചും ജയിച്ചാൽ വാർഡിൽ ചെയ്യേണ്ട വികസനത്തെക്കുറിച്ചുമുള്ള സമ്പൂർണ്ണ വിവരങ്ങൾ ശാന്തയുടെ പാട്ടിലുണ്ട്.
പഞ്ചായത്തിലെ ഹരിത കർമ്മ സേനാ വളണ്ടിയറായ ശാന്ത ഇപ്പഴും ആ ജോലിക്ക് മുടക്കം വരുത്തിയിട്ടില്ല. കൂടാതെ അങ്കണവാടി ടീച്ചർ തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തക എന്നീ നിലയിലും നാട്ടുകാർക്ക് സുപരിചിതയാണ് ഈ സ്ഥാനാർത്ഥി.
ചെറുപ്പം മുതൽ നന്നായി പാടുമായിരുന്ന ശാന്തക്ക് സംഗീതം ശാസ്ത്രീയമായി പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യം കൊണ്ട് കഴിഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയായപ്പോൾ തൻ്റെ പ്രചരണത്തിന് വേണ്ടി തൻ്റെ പാടാനുള്ള കഴിവ് പുറത്തെടുക്കുകയാണ് ഇവർ. തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും ഇവർ പാട്ട്പാടി കയ്യടി നേടുകയാണ്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഇവരുടെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.
ഇവരുടെ സഹോദര ഭാര്യ ഗിരിജ മോഹനും ഇതേ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നേർക്കുനേർ മത്സരിക്കുന്നു എന്നതും മണ്ഡപം വാർഡിനെ വ്യത്യസ്തമാക്കുന്നു
No comments