വാട്‌സാപ്പിന്റെ പുതിയ പ്രൈവസി അപ്‌ഡേറ്റ്; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെടും
2021 ഫെബ്രുവരി എട്ട് മുതൽ വാട്സാപ്പ് സേവന നിബന്ധനകൾ പരിഷ്കരിക്കുമെന്ന് റിപ്പോർട്ട്. വാബീറ്റ ഇൻഫോ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിന്റെ ഭാഗമായി വാട്സാപ്പ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് പിന്നീട് വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.
വാട്സാപ്പ് തുടർന്ന് ഉപയോഗിക്കണമെങ്കിൽ നിങ്ങൾ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്ക്രീൻഷോട്ട് വാബീറ്റാ ഇൻഫോ പങ്കുവെച്ചു.
ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെയാണ് വാട്സാപ്പ് കൈകാര്യം ചെയ്യുന്നത്, വാട്സാപ്പ് ചാറ്റുകൾ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതിയ പ്രൈവസി അപ്ഡേറ്റിലുള്ളത്.
വാട്സാപ്പ് സേവനങ്ങൾ തുടർന്ന് ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും വ്യവസ്ഥ അംഗീകരിച്ചിരിക്കണം.
ഒരു ഇൻ ആപ്പ് ബാനർ ആയാണ് ഈ അറിയിപ്പ് കാണിക്കുക. അടുത്തിടെയാണ് ഇൻ ആപ്പ് ബാനർ സംവിധാനം വാട്സാപ്പിൽ ഉൾപ്പെടുത്തിയത് ഈ ബാനറിൽനിന്നും ഉപയോക്താക്കളെ മറ്റ് വെബ്സൈറ്റുകളിലേക്ക് കൊണ്ടുപോവാൻ കഴിയും. ഫെബ്രുവരി എട്ടിലെ അപ്ഡേറ്റിനെ കുറിച്ചുള്ള അറിയിപ്പ് ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയുള്ള വാട്സാപ്പിന്റെ ആദ്യ അറിയിപ്പായിരിക്കും.
No comments