Breaking News

പൊരുതുന്ന കർഷകർക്ക് കലാകാരന്റെ ആദരം ചിറ്റാരിക്കാലിലെ ജെപി മാഷ് സ്വന്തം വീട്ടുമുറ്റത്ത് നിർമ്മിച്ച 6 അടി ഉയരമുള്ള കർഷകന്റെ ശിൽപം ശ്രദ്ധേയമാകുന്നു


ചിറ്റാരിക്കാൽ: (www.malayaramflash.com) ചിത്രകലാ അധ്യാപക ജീവിതത്തിൽ നിന്നും 2016ൽ വിരമിച്ച ശേഷം ജോസഫ് മാത്യു എന്ന ജെപി മാഷ് വീട്ടിൽ വെറുതെ ഇരുന്നില്ല, സ്വന്തം വീട്ടുപരിസരത്തെ എങ്ങനെ ഭാവനാസമ്പന്നമാക്കാം എന്ന ചിന്തയിൽ നിന്നുമാണ് ഇന്ന് കാണുന്ന മനോഹര കാഴ്‌ച്ചകൾ ഉണ്ടാവുന്നത്. കൊറോണ മഹാമാരിക്കാലത്താണ് ജെ.പി മാഷ് തൻ്റെ വീടിനെ വർണ്ണ പ്രപഞ്ചമാക്കിയത്. വീടിൻ്റെ ഭിത്തിയിലും മതിലിലും ക്യാൻവാസിലും എന്നു വേണ്ട എല്ലായിടത്തും ഈ ചിത്രകാരൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇതിൽ നിരീക്ഷണത്തിലൂടെ  വിവിധ തരം പക്ഷികളുടെ ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തിയതും ഏറെ ശ്രദ്ധേയമാണ്. മാഷിൻ്റെ വീട്ട് പരിസരം അപൂർവ്വങ്ങളായ ചെടികളാലും സസ്യങ്ങളാലും സുന്ദരമാണ്. കണ്ണിന് കുളിർമ പകരുന്ന സുന്ദര കാഴ്ച്ചകളാണ് ചുറ്റും.. കൂടാതെ അപൂർവ്വ മൽസ്യങ്ങളാൽ സുന്ദരമായ അക്വേറിയവും വീട്ടകം സുന്ദരമാക്കുന്നു.


നിലനിൽപ്പിനായ് പൊരുതുന്ന കർഷകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് മാഷ് സ്വന്തം വീട്ടുമുറ്റത്ത് നിർമ്മിച്ച കൂറ്റൻ കോൺക്രീറ്റ് ശിൽപം അക്ഷരാർത്ഥത്തിൽ കർഷകനുള്ള ഈ കലോപാസകൻ്റെ സമർപ്പണമായി മാറി. 

പണിയിടത്തിലേക്ക് നടന്നു നീങ്ങുന്ന ആയുധമേന്തിയ കർഷകൻ്റെ 6 അടി ഉയരത്തിലുള്ള പൂർണ്ണകായ പ്രതിമയാണ് ഒന്നര മാസത്തെ ഉപാസനയിലൂടെ മാഷ് സാർത്ഥകമാക്കിയത്. 

സമരപാതയിലായ കർഷകരുടെ ഇന്നത്തെ അവസ്ഥയിൽ ഏറെ വേദനയുണ്ടെന്നും, നമുക്ക് അന്നം തരുന്ന സ്വർണ്ണങ്ങളാണ് കർഷകർ എന്ന ഉത്തമ വിശ്വാസത്തിലാണ് താൻ ശിൽപത്തിന് സ്വർണ്ണ നിറം നൽകിയതെന്നും ജെപി മാഷ് പറഞ്ഞു.

കമ്പി, സിമൻറ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ശിൽപം മാറ്റി സ്ഥാപിക്കാവുന്ന തരത്തിൽ സിമൻറ് പ്രതലത്തിലാണ് നിർമ്മിച്ചത്. ശിൽപ്പം പൊരുതുന്ന കർഷകർക്കുള്ള സ്മരണക്കായി ചിറ്റാരിക്കാൽ ബസ്റ്റാൻ്റ് പരിസരത്ത് സ്ഥാപിക്കും, ഇതിനായി പഞ്ചായത്ത് ഭരണസമിതി പ്രത്യേക താൽപര്യമെടുത്തതായി ശിൽപി പറഞ്ഞു.

കൊറോണ മഹാമാരിക്കെതിരെ പോരാടിയവർക്കുള്ള ആദരസൂചകമായി ചിറ്റാരിക്കാൽ സാമൂഹികാരോഗ്യ കേന്ദ്രം പരിസരത്ത് മാഷ് നിർമ്മിച്ച ശിൽപ്പവും ഏറെ ശ്രദ്ധേയമാണ്.



✒️: ചന്ദ്രു വെള്ളരിക്കുണ്ട് 9496471939

No comments