Breaking News

വീട്ടിൽ ഓൺലൈൻ സൗകര്യമെത്തി.. കമലപ്ലാവിലെ കീർത്തനക്കിനി തുടർന്ന് പഠിക്കാം..


വെള്ളരിക്കുണ്ട്: മാധ്യമ ശ്രദ്ധയോ, പേരോ പെരുമയോ  പ്രചരണവുമോ ആഗ്രഹിക്കാതെയുള്ള നിസ്വാർത്ഥമായ ജീവകാരുണ്യ പ്രവർത്തനം.. അതാണ് വെള്ളരിക്കുണ്ട് മങ്കയത്തെ വി.കെ അസീസ് എന്ന വ്യവസായ പ്രമുഖൻ്റെ ജീവിതം. ഇതിനോടകം ആയിരക്കണക്കിന് ആലംബഹീനർക്ക് കൈത്താങ്ങായി മാറിയ അസീസ് പക്ഷെ ഞാൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒന്നും തന്നെ പുറം ലോകം അറിയിക്കാനോ മാധ്യമശ്രദ്ധ നേടാനോ ശ്രമിച്ചിട്ടില്ല എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തിൻ്റെ സഹായത്തിലൂടെ ജീവിതം തിരിച്ച്പിടിച്ചവർ അനവധിയാണ്. സാധാരണക്കാരനായി വളർന്ന് വന്ന് സ്വന്തം പ്രയത്നവും ഇച്ഛാശക്തിയും കൊണ്ടാണ് വി.കെ അസീസ് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്. അതുകൊണ്ടു തന്നെയാണ് പാവങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അവർക്കൊരു കൈത്താങ്ങാവാൻ ഇദ്ദേഹത്തിന് സാധിക്കുന്നതും. 

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം കല്ലഞ്ചിറ കമലപ്ലാവിലും ഇദ്ദേഹത്തിൻ്റെ സഹായഹസ്തം എത്തി.

കമലപ്ലാവിലെ  അംബികയുടെ മകൾ ബിരുദ വിദ്യാർത്ഥിയായ കീർത്തനയ്ക്ക് ഓൺലൈൻ സൗകര്യമില്ലാത്തതിനാൽ  പഠനം വഴിമുട്ടി നിൽക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഇക്കാര്യം പ്രദേശത്തെ ജനപ്രതിനിധിയും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.രാധാമണിയെ ധരിപ്പിച്ചു. തുടർന്ന് ഇവർ കീർത്തനയുടെ ഓൺലൈൻ പഠന സഹായത്തിനായി വി.കെ അസീസിനെ സമീപിച്ചു. ആവശ്യം തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ സ്മാർട്ട് ഫോൺ സ്പോൺസർ ചെയ്യുകയുമായിരുന്നു.

കമലപ്ലാവിൽ വച്ച് കീർത്തനയുടെ അമ്മ അംബികക്ക് വെള്ളരിക്കുണ്ട് എസ്.ഐ എം.വി ശ്രീദാസ് സ്മാർട്ട് ഫോൺ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി അധ്യക്ഷയായി. പഞ്ചായത്തംഗം അബ്ദുൾഖാദർ, എ.എസ്.ഐ ജോമി, ഷിഹാബ് എന്നിവർ സംസാരിച്ചു. സണ്ണി കള്ളുവേലിൽ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് നന്ദിയും പറഞ്ഞു.

No comments