പണി നിലച്ച് ഒരു വർഷമാകുന്നു; മൂന്നാം മൈൽ-പറക്കളായി റോഡിൽ കാൽനട യാത്ര പോലും ദുസ്സഹം
അമ്പലത്തറ: പാതിവഴിയിൽ നിർമാണം നിലച്ച റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു. അമ്പലത്തറ -പറക്കളായി റോഡിൻ്റെ പുനരുദ്ധാരണ പദ്ധതിയാണ് ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ കിടക്കുന്നത്. ഒന്നര കിലോമീറ്റർ മെക്കാഡം ടാറിങ് പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള റോഡാണിത്. ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ റോഡ് നവീകരണത്തെ കണ്ടിരുന്നത്. എന്നാൽ പണി എങ്ങുമെത്താതായതോടെ നാട്ടുകാർ കടുത്ത നിരാശയിലാണ്. റോഡ് പണി നിലച്ചതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം തന്നെ വഴിമുട്ടിച്ചിരിക്കുകയാണ്. കെ. എസ്. ആർ. ടി. സി ബസ് ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സർവീസ് നടത്തിയിരുന്ന റോഡിലൂടെ ഇപ്പോൾ കാൽനട പോലും അസാധ്യമായിരിക്കുകയാണ്. റോഡ് കിളച്ച് മറിച്ചിട്ടതാണ് യാത്രയെ ബാധിച്ചത്. കഴിഞ്ഞദിവസത്തെ അപ്രതീക്ഷിത മഴ റോഡിനെ ചെളിക്കുളമാക്കി. മഴവെള്ളം കുത്തിയൊലിച്ച് പലയിടത്തും വലിയ ചാലുകളും കുഴികളും പ്രത്യക്ഷ പെട്ടിരിക്കുകയാണ്. പദ്ധതിയിൽ ഉൾപ്പെട്ട പൂതങ്ങാനം പാലത്തിൻ്റെ പണി മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പിന്നീടങ്ങോട്ടുള്ള പ്രവൃത്തിയാണ് ആദ്യം ഇഴഞ്ഞു നീങ്ങിയത് പിന്നീട് ജോലി തന്നെ നിലച്ചു. പ്രദേശത്തെ പൊടിശല്യം നാട്ടുകാരുടെ ആരോഗ്യത്തെയും ഏറെ ബാധിക്കുകയാണ്. പറക്കളായി പി. എൻ. പണിക്കർ മെഡിക്കൽ കോളജ്, ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കുള്ള ഏക വഴിയാണിത്. പൂതങ്ങാനം, പറക്കളായി പ്രദേശത്തുള്ളവർക്ക് കാഞ്ഞങ്ങാട്ടെത്താനുള്ള വഴിയും ഇതുതന്നെയാണ്. മലയോരത്ത് നിന്ന് എളുപ്പത്തിൽ കാഞ്ഞങ്ങാട് എത്തുവാൻ ഈ വഴി പലരും ഉപയോഗിച്ചിരുന്നുവെങ്കിലും അതും അസാധ്യമായി. റോഡ് പണി എന്ന് പൂർത്തിയാകുമെന്നതിനെക്കുറിച്ച് ആർക്കും ഒരു പിടിപാടുമില്ല. മൂന്നാം മൈലിലെയും പറക്കളായിയിലെയും ഓട്ടോ ഡ്രൈവർമാർ കാണിക്കുന്ന മഹാമനസ്കതയിലാണ് ഇവിടുത്തെ ജനങ്ങൾ യാത്ര ചെയ്യുന്നത്. അത് ഈ തൊഴിലാളികൾക്കുണ്ടാക്കുന്ന നഷ്ടം ചെറുതൊന്നുമല്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര കാരണം ഓട്ടോകൾക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാക്കുന്നതായി തൊഴിലാളികൾ പറയുന്നു. പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പ്രത്യക്ഷ സമരത്തിന് ആരും ഇറങ്ങാതിരുന്നത്. പത്താം തരത്തിലെയും പ്ലസ് ടു വിലെയും കുട്ടികളുടെ ക്ലാസ്സ് ആരംഭിച്ചതോടെ രക്ഷിതാക്കളും ഇവരുടെ യാത്രാ ക്കാര്യത്തിൽ വലിയ ആശങ്കയിലാണ്. അധികൃതർ ഉദാസീനത തുടരുകയാണെങ്കിൽ കാഞ്ഞങ്ങാട് -പാണത്തൂർ മലയോര പാത ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നാനാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്. അതിന് മുമ്പായി പുതുതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ് ജനങ്ങൾ.
No comments