Breaking News

പറശ്ശിനിക്കടവിലെ വാട്ടർ ടാക്സി സർവീസ് ഇന്നു മുതൽ


തളിപ്പറമ്പ്: പറശ്ശിനിക്കടവിൽ ഉദ്ഘാടനം ചെയ്ത വാട്ടർ ടാക്സി യാത്രക്കാർക്കായി ശനിയാഴ്ച മുതൽ ഓടിത്തുടങ്ങും. നേരത്തേ ബുക്ക് ചെയ്ത സംഘത്തിനു വേണ്ടിയാണ് ഉച്ചയ്ക്ക് രണ്ടിന് ആദ്യ സർവീസ് നടത്തുന്നത്. വൈകീട്ട് ആറിന് ഈ യാത്ര സമാപിക്കും. ഞായറാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാകും വാട്ടർ ടാക്സിയുടെ സർവീസ്. ടാക്‌സിയ്ക്ക് വേണ്ടി വിളിക്കേണ്ട നമ്പർ നേരത്തേ തന്നെ ജല ഗതാഗതവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം നിരവധി പേരാണ് ബുക്കുചെയ്യാൻ വിളിച്ചത്.


ബോട്ട് ഓടിത്തുടങ്ങുന്ന ശനിയാഴ്ച മുതൽ എല്ലാത്തരം ബുക്കിങ്ങും സ്വീകരിക്കും. മണിക്കൂറിൽ 30 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബോട്ടിൽ 10 പേർക്ക് യാത്ര ചെയ്യാം. 1500 രൂപയാണ് ഒരു മണിക്കൂർ യാത്രയുടെ നിരക്ക്. അര മണിക്കൂറിന് 750 രൂപ. ടാക്സി മാതൃകയിലാകും സർവീസ്. വിളിക്കുന്ന സ്ഥലത്ത് പോയി യാത്രക്കാരെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കും. വിളിക്കേണ്ട നമ്പർ: 9400050340.


വരും 'വേഗ 3'


'വേഗ' ശ്രേണിയിൽപ്പെട്ട എ.സി.ബോട്ടാണ് പറശ്ശിനിക്കടവിൽ അടുത്തതായി എത്തുക. വേഗ ഒന്ന്, രണ്ട് ശ്രേണിയിലുള്ള ബോട്ടുകൾ ആലപ്പുഴ, എറണാകുളം ജില്ലകൾക്കാണ് അനുവദിച്ചിരുന്നത്. വേഗ മൂന്ന് പറശ്ശിനിക്കടവിന് അനുവദിക്കാനാണ് ധാരണ. 120 പേർക്ക് യാത്രചെയ്യാവുന്ന ബോട്ടാണ് വേഗ.

No comments