Breaking News

സിനിമാശാലകൾ തുറക്കാൻ സർക്കാർ; മുഖം തിരിച്ച് തിയേറ്റർ ഉടമകൾ


കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. ജനുവരി അഞ്ച് ചൊവ്വാഴ്ച മുതൽ തിയറ്ററുകൾ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് വൈകുമെന്നാണ് സൂചന.

നിലവിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ നിർദേശം. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

നിലവിലെ അവസ്ഥയിൽ തിയേറ്റർ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കും.

കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തിയറ്ററിലെത്താൻ മടിക്കുന്നതും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ വിനോദ നികുതിയിളവ്, വൈദുത്യി ഫിക്സഡ് ചാർജ് ഇനത്തിൽ ഇളവ് എന്നിവ വേണമെന്നാണ് തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നത്.

എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മൾട്ടി പ്ലക്സുകൾ ഫിയോക്കിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങളടക്കം പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ കടുത്ത നിലപാടിലേക്ക് പോകാൻ ഫിയോക്കിനും പരിമിതിയുണ്ട്. നി‍ർമാതാക്കളും വിതരണക്കാരുംതിയേറ്റർ ഉടമകളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഫിലിം ചേംബറിൻ്റെ നിലപാട്.

No comments