'അതിജീവന കാലത്തെ ആഹ്ലാദ കൂട്ടം..' കുട്ടികൾക്കായുള്ള നാട്ടരങ്ങ് ക്യാമ്പ് ബളാലിൽ പുരോഗമിക്കുന്നു
വെള്ളരിക്കുണ്ട് : അതിജീവന കാലത്തെ ആഹ്ലാദകൂട്ടം.
മലയോരമേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള , ചിറ്റാരിക്കാൽ ബി ആർ സി സംഘടിപ്പിക്കുന്ന പഞ്ചദിന ക്യാമ്പ് ബളാൽകമ്യുണിറ്റി ഹാളിൽ പുരോഗമിക്കുന്നു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്ത ക്യാമ്പിൽ കുട്ടികളുടെ സമഗ്ര വികാസത്തിനുള്ള ഒട്ടേറെ പ്രോഗ്രാമുകൾ കോർത്തിണക്കിയാണ് മുന്നോട്ട് പോകുന്നത്.
കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീടിനുള്ളിൽ തന്നെ ഇരുന്ന് ഓൺലൈൻ വഴി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നാട്ടരങ്ങ് പോലുള്ള ക്യാമ്പുകൾ മാനസികവും ശാരീരികവുമായ ഊർജ്ജവും നവോന്മേഷവും പകരാൻ കഴിയുമെന്ന് സംഘാടകർ വിലയിരുത്തുന്നു.
ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശിവൻ, ശ്രീജ രാമചന്ദ്രൻ, ബളാൽ ഗവ. ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ പി. ബാബു രാജൻ, പി. ടി. എ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. കെ. പി. ബാബു സ്വാഗതവും ജെസ് ജോസഫ് നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ആദ്യദിനത്തിലെ മഞ്ഞുരുക്കൽ പരിപാടിക്ക് പ്രശസ്ത പരിശീലകൻ നിർമൽ കുമാർ കാടകം നേതൃത്വം വഹിച്ചു.
മലയോര മേഖലയിലെ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 30ഓളം കുട്ടികളാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന നാട്ടരങ്ങ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ പ്രകൃതി നടത്തം, നാട്ടറിവ് പരിചയം, സിനിമാസ്വാദന ക്യാമ്പ്, നിർമ്മാണ കളരി, അമ്പെയ്ത്ത്, എയ്റോബിക്സ് കൂടാതെ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറും.

No comments