മണ്ണ് വേണ്ട കരിങ്കൽ ചീളിലും പച്ചക്കറി വിളയിക്കാം ചിറ്റാരിക്കാലിലെ ജൈവകർഷകൻ്റെ അക്വാപോണിക് കൃഷി രീതി ശ്രദ്ധേയമാകുന്നു..
ചിറ്റാരിക്കാൽ: മണ്ണും കീടനാശിനിയും രാസവളവുമില്ലാതെ നൂറ് മേനി പച്ചക്കറി വിളവ്.
ചിറ്റാരിക്കാൽ കായമാക്കൽ തറവാട്ടിലെ മാമച്ചൻ മാത്യുവാണ് മണ്ണില്ലാതെ പച്ചക്കറിയും മത്സ്യകൃഷിയും സംയോജിപ്പിച്ച് വിജയകരമായി കാർഷിക വൃത്തി മുന്നോട്ട് കൊണ്ടു പോകുന്നത്. 90 പിന്നിട്ട അമ്മ റോസാമ്മ നടുവിലേക്കുറ്റും ഭാര്യ ലാലിയും മാമച്ചന്റെ കൃഷിരീതികൾക്ക‌് പിന്തുണയുമായുണ്ട്.
ചതുരാകൃതിയിൽ നിർമ്മിച്ച ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിൻ്റെ മുകളിൽ പ്രത്യേക ബാഗുകളിൽ മണ്ണിന് പകരം കരിങ്കൽ മെറ്റലുകൾ നിറച്ച് അതിലാണ് പച്ചക്കറി കൃഷി. എറണാകുളം ,പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിൽ അക്വാപോണിക് കൃഷി രീതി തുടങ്ങിയിട്ടുണ്ട്, മറ്റു ജില്ലകളിലും വ്യാപിപ്പിക്കാനാണ് ശ്രമം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവും വിധം മീനും പച്ചക്കറിയും സംയോജിപ്പിച്ച് അക്വാപോണിക് കൃഷി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാമെന്നതു കൂടാതെ വരുമാനമാര്‍ഗവുമാകാം. മണ്ണിന്റെ സഹായം ഇല്ലാതെ പോഷക സമ്പുഷ്ടമായ ജലം മാത്രം നല്‍കി കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക് സാങ്കേതികവിദ്യ. ജീവജാലങ്ങളുടെ ആഹാരശ്യംഖലയെ ഓര്‍മ്മിപ്പിക്കുന്നതാണ് അക്വാപോണിക് കൃഷി. മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ ഇതില്‍ പരസ്പര പൂരകങ്ങളാകുന്നു. തട്ടുകളിലായാണ് സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരിക്കേണ്ടത്. മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വളക്കൂറുള്ള വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളം ചെടികൾക്ക് ലഭിക്കുന്നു. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്നു. ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ്ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങളായ കട്‌ല, രോഹു, തിലോപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വോപോണിക് ക്രമീകരിക്കുന്ന രീതിയും വ്യാപകമാണ്. അടിത്തട്ടില്‍ മത്സ്യക്കുളം രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്ത തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം. അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. ഇത് കര്‍ഷകരുടെ അധികച്ചെലവ് കുറയ്ക്കും. പരമ്പരാഗത കൃഷിരിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്വോപോണിക് കൃഷിക്ക് ഗുണങ്ങള്‍ ഏറെയാണ്. അധികം ജലമോ സ്ഥലമോ ഇതിന് ആവശ്യമില്ല. രോഗബാധക്കുള്ള സാധ്യത കുറവായിരിക്കും. വിളകള്‍ക്കിടയിലെ അകലം കുറവാണെന്നതും ഈ കൃഷിരീതിയെ ശ്രദ്ധേയമാക്കുന്നു. കൃഷിക്കായി തൊഴിലാളികളെ കണ്ടത്തേണ്ടതുമില്ല. അക്വാപോണിക് കൃഷി രീതിയില്‍ തട്ടുകളുടെ എണ്ണം കൂട്ടി പുതിയ സസ്യങ്ങളെ പരീക്ഷിച്ച് ഈ കൃഷിയുടെ സാധ്യത വിപുലപ്പെടുത്താം. വിളകളുടെ സവിശേഷതയറിഞ്ഞ് അനുയോജ്യമായ തട്ടുകള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കേരള കാര്‍ഷികസര്‍വ്വകലാശാല ഗവേഷണകേന്ദ്രത്തില്‍ അക്വാപോണിക് പരിക്ഷണം വിജയകരമായിരുന്നു. അക്വാപോണിക് സങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥലം ഒഴികെയുള്ള ഇടങ്ങളില്‍ ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നത് കര്‍ഷകര്‍ക്ക് അധിക ലാഭം നല്‍കും. ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഓഷധസസ്യങ്ങളും വരെ ഈ പുത്തന്‍ സാങ്കേതിക വിദ്യ വഴി വിളയിക്കാം. സ്ഥലപരിമിതി മറികടന്ന് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്നതാണ് അക്വാപോണിക് സങ്കേതികവിദ്യ.
✒️ചന്ദ്രു വെള്ളരിക്കുണ്ട്

No comments