സര്‍ക്കാര്‍ കാസര്‍കോടിനെ അവഗണിച്ചിട്ടില്ല, ജില്ലയിലെ ആരോഗ്യ മേഖലയില്‍ നടന്നത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍; ആരോഗ്യമന്ത്രി
കാസര്‍കോടിനെ സര്‍ക്കാർ അവഗണിച്ചുവോ എന്ന ഒരു ചിന്ത പലയിടത്തുമുണ്ട്, എന്നാല്‍ അതില്‍ കഴമ്പില്ലെന്നും ജില്ലയിലെ ആരോഗ്യ രംഗത്ത് നടന്നത് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റും പുതിയ ഒ.പി വെയ്റ്റിങ് ഏരിയയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, മന്ത്രി.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയാവുകയാണ്. ഇവിടെ 273 തസ്തികകള്‍ സൃഷ്ടിച്ചു. 100 സീറ്റുള്ള ഗവ. മെഡിക്കല്‍ കോളേജിന് അപേക്ഷ നല്‍കി കഴിഞ്ഞു. കേന്ദ്രാനുമതി വേണം. ഒന്നുരണ്ടുവര്‍ഷത്തിനകം മെഡിക്കല്‍ കോളേജ് പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാനാകും.
ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രി സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, അത് ആവശ്യം കാസര്‍കോടാണെന്ന്, അങ്ങിനെയാണ് കോവിഡ് ആശുപത്രി വന്നത്. ഈ സര്‍ക്കാറിന് ഭരണ തുടര്‍ച്ച ഉണ്ടായാല്‍ തീര്‍ച്ചയായും അത് ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് കിട്ടി. കിഫ്ബി ഫണ്ടായ 8 കോടി രൂപ ഉപയോഗിച്ച് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ആരംഭിക്കുകയാണ്. ജില്ലാ ആശുപത്രി ദേശീയ അവാര്‍ഡ് നേടി. വയോജന ക്ലിനിക്ക് തുടങ്ങി. ജനറലാശുപത്രി 8 നില കെട്ടിടം ഏഴുമാസത്തിനകം പൂര്‍ത്തിയാകും. പനത്തടിയില്‍ പുതിയ കെട്ടിടം നല്‍കി. നീലേശ്വരം താലൂക്ക് ആശു പത്രിക്കും മംഗല്‍പാടി താലൂക്ക്. ആശുപത്രിക്കും 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. കഫ്‌സി ഫണ്ട് ഉപയോഗിച്ചാണ്. ബേഡഡുക്കയിലും 12 കോടി അനുവദിച്ചു. തൃക്കരിപ്പൂര്‍ ആശുപത്രിയേയും വികസിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും, മൂന്നുവര്‍ഷത്തിനകം കാസര്‍കോട്ടുകാര്‍ക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നടത്താനാകും മെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ (കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവ ജില്ലാ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാന്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയുടെ ഫലമാണ് അഞ്ചു വര്‍ഷത്തിനകം കേരളത്തിലുണ്ടായ മാറ്റം. പാവപ്പെട്ടവര്‍ വരുന്ന ആശുപത്രി ഇടം മികച്ചതാക്കണം. ചികിത്സാ സംവിധാനം മികവുറ്റതാക്കണം മുഖ്യമന്ത്രി ദീര്‍ഘവീക്ഷണത്തോടെ പ്രഖ്യാപിച്ച നാലുമിഷനുകള്‍ കൊണ്ട് വലിയ ഗുണം കേരളത്തിനുണ്ടായി. ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയില്‍ പാവപ്പെട്ടവരുടെ ചികിത്സാ ചെലവില്ലാതാക്കി. കുടുംബാരോഗ്യകേന്ദങ്ങള്‍ കോവിഡ് കാലത്ത് വലിയ സഹായകമായെന്നും. 941 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 600 എഫ്എച്ച് സിയായി ഉയര്‍ത്തി കഴിഞ്ഞുവെന്നും 1444 തസ്തികകള്‍ കൂടി ബജറ്റില്‍ ആരോഗ്യ വകുപ്പിന് അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. സി.സി.യു ഉടന്‍ ആരംഭിക്കും. സ്‌ട്രോക്ക് യൂനിറ്റ് ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു

No comments