പരപ്പ ബ്ലോക്കിന് കീഴിൽ ഏറ്റവും കൂടുതൽ തടയണയൊരുക്കി കോടോംബേളൂർ ഗ്രാമപഞ്ചായത്ത്
രാജപുരം: വേനല്‍ കനക്കും മുന്‍പ് തന്നെ ജല സുരക്ഷയൊരുക്കാന്‍ കോടോം ബേളൂര്‍ പഞ്ചായത്ത്. തടയണ മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ ഈ വര്‍ഷം തീര്‍ക്കുന്നത് 1140 താത്കാലിക തടയണകള്‍. പഞ്ചായത്ത് പരിധിയിലെ ഓരോ വാര്‍ഡുകളിലെയും തോടുകളിലും നീര്‍ച്ചാലുകളിലുമായി 60 വീതം തടയണകളാണ് തീര്‍ക്കുക. 19 വാര്‍ഡുകളിലുമായി ജനകീയ പങ്കാളിത്തതോടെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയാണ് നിര്‍മ്മാണം. ഓരോ പ്രദേശത്തെയും തോടുകളിലെ നീരൊഴുക്കും മറ്റും പരിഗണിച്ചായിരിക്കും തടയണ തീര്‍ക്കുക. ഇത്തരത്തില്‍ താത്കാലിക തടയണ നിര്‍മ്മാണത്തിലൂടെ മുന്‍പ് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ പഞ്ചായത്താണ് കോടോം ബേളൂര്‍. കമുകും മണ്ണും തോടുകളില്‍ നിന്ന് ശേഖരിക്കുന്ന മണലും കല്ലും ഉപയോഗിച്ച് പ്രകൃതി സൗഹൃദമായാണ് നിര്‍മ്മാണം. ഓരോ പ്രദേശത്തെയും സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് മഴക്കാലമെത്തുന്നതോടെ ഇവ നീക്കി നീരൊഴുക്കിന് സൗകര്യമൊരുക്കും. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള തടയണകള്‍ വഴി കുടിവെള്ള ക്ഷാമം പരിഹരിക്കാനുംകാര്‍ഷിക മേഖലയ്ക്കും ഉപകാരപെട്ടിരുന്നു. ഹരിത കേരളാ മിഷന്‍ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ വര്‍ഷം വരള്‍ച്ചാ മുന്‍കുതലും നീര്‍ച്ചാലുകളുടെ പുനരുജ്ജീവനവും ലക്ഷ്യം വച്ച് തടയണ മഹോത്സവം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് തല തടയണ മഹോത്സവത്തിന്റെ ഉദ്ഘാടനം ദിവസങ്ങൾക്ക് മുമ്പ് കാലിച്ചാനടുക്കം ഉതിര്‍ച്ചാംകാവില്‍ സംഘടിപ്പിച്ചിരുന്നു. 19 വാർഡുകളിലായി 550ൽ അധികം തടയണകൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

No comments