Breaking News

മലപ്പുറത്തെ ഫേസ്ബുക് സുഹൃത്തിനെ കാണാൻ എത്തി; ആദ്യമായെടുത്ത ടിക്കറ്റിന് ഒരു കോടി


മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങൾ പതിവാകുന്ന കാലത്ത് ഇതാ ഒരു വ്യത്യസ്തമായ സംഭവം മലപ്പുറത്ത് നിന്നും. ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ കിട്ടിയത് ഒരു കോടിയുടെ ലോട്ടറി.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്കാണ് കോടിരൂപ സമ്മാനം. കേരള ഭാഗ്യമിത്ര ലോട്ടറിയിലൂടെയാണ് ഇത് കിട്ടിയത്. പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ പറവന്നൂർ കൈപ്പാലക്കൽ പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ ബൽറാമിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി സ്വദേശിയായ സോഹൻ ബൽറാം ജീവിതത്തിൽ ആദ്യമായാണ് ലോട്ടറി എടുക്കുന്നത്. കഴിഞ്ഞദിവസമാണ് സോഹൻ ബൽറാം പ്രഭാകരന്റെ വീട്ടിലെത്തിയത് . പ്രഭാകരൻ ജോലി ചെയ്യുന്ന പുത്തനത്താണിയിലെ കടയിലെത്തിയാണ് സോഹൻ ലോട്ടറി ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പിന് കാത്തുനിൽക്കാതെ ഞായറാഴ്ച്ച ഉച്ചയോടെ കുടുംബസമേതം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഫലം വന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

ഒന്നാം സമ്മാനമായ 5 കോടി രൂപയുടെ 5 സമ്മാനാർഹരിൽ ഒരാളാണ് സോഹൻ. ഫലം ഓൺലൈൻ വഴി വന്നതോടെ പ്രഭാകരൻ തന്നെയാണ് ലോട്ടറി അടിച്ച വിവരം സോഹനെ ഫോണിലൂടെ അറിയിച്ചത്. അതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച് അവർ പുത്തനത്താണിയിലേക്കു തിരിച്ചു. ലോട്ടറി ഏജൻസി ഉടമ മണികണ്ഠൻ, സോഹനെയും കുടുംബാംഗങ്ങളെയും മധുരം നൽകി സ്വീകരിച്ചു.48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.

ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്നുവെന്ന പ്രത്യേകതയാണ് ഭാഗ്യമിത്ര ലോട്ടറിക്കുള്ളത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില.ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം).

രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേര്‍ക്ക്. 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.

No comments