ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ സിലിണ്ടർ; ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്; പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ
തിരുവനന്തപുരം: കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളുമായി എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക പുറത്തിറക്കിയത്.
ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി നൽകുമെന്ന് ഉൾപ്പെടെയുളള പ്രഖ്യാപനങ്ങളാണ് എൻഡിഎ മുന്നോട്ടുവെയ്ക്കുന്നത്. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ നൽകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും.
ഒരു കുടുംബത്തിന്റെ വരുമാനമാർഗമായ വ്യക്തികൾ അസുഖബാധിതരായാൽ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നൽകും. ഭൂരഹിതരായ പട്ടികജാതി പട്ടിക വർഗ കുടുംബങ്ങൾക്ക് ഭൂമി നൽകും ശബരിമല വിഷയത്തിലും ലൗ ജിഹാദ് വിഷയത്തിലും നിയമനിർമാണം തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നത്.
വികസോൻമുഖമായ ആശയങ്ങളാണ് എൻഡിഎ കേരളത്തിനായി മുന്നോട്ടുവെയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇടതും വലതുമാണ് കാലങ്ങളായി കേരളം ഭരിക്കുന്നത്. ജനങ്ങൾ മറ്റൊരു പോംവഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി കേരളത്തിൽ നടപ്പിലാക്കുകയാണ് അഞ്ച് വർഷം ഭരണത്തിലിരുന്ന പിണറായി സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
No comments