Breaking News

വാർധക്യത്തിലും ഇനി വരുമാനം; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പെൻഷൻ പദ്ധതികളെക്കുറിച്ച് അറിയാം



പ്രായമായാലും പണം സമ്പാദിക്കാൻ കഴിയുന്ന നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പാവപ്പെട്ട ആളുകൾ മുതൽ കർഷകരും മുതിർന്ന പൗരന്മാരും ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ. അത്തരത്തിലുള്ള 4 പദ്ധതികൾ നമുക്ക് പരിചയപ്പെടാം.

അടൽ പെൻഷൻ യോജന



അടൽ പെൻഷൻ യോജനയിൽ ഏത് ഇന്ത്യൻ പൗരനും നിക്ഷേപം നടത്താം. 18-നും 40-നും ഇടയിലാവണം പ്രായം എന്ന് മാത്രം. കുറഞ്ഞത് 20 വർഷത്തെ നിക്ഷേപം ഉണ്ടായാൽ മാത്രമേ ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുകയുള്ളൂ. 1000 രൂപയിൽ തുടങ്ങി പരമാവധി 5000 രൂപ വരെ ഈ പദ്ധതിയിൽ പെൻഷൻ ലഭിക്കും. 60 വയസ് തികഞ്ഞാലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക.



എത്ര നേരത്തെ ഈ പദ്ധതിയിൽ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതൽ പെൻഷൻ നേടാനും കഴിയും.



ഉദാഹരണത്തിന്, 18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം. പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5000 രൂപ വീതം പെൻഷൻ ലഭിക്കുമെന്ന് സാരം. അതേ സമയം 1000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ നിക്ഷേപിച്ചാൽ മതിയാവും.




2015-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമാകാൻ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്.







പി എം ശ്രമയോഗി മൻധൻ യോജന




2019-ലാണ് സർക്കാർ ഈ പെൻഷൻ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഗവണ്മെന്റ് പെൻഷൻ നൽകും. 60 വയസിനുശേഷം 3000 രൂപയാണ് പെൻഷനായി ലഭിക്കുക. പ്രതിവർഷം 36,000 രൂപ പെൻഷനായി ലഭിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 43.7 ലക്ഷം ആളുകൾ ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.






പി എം കിസാൻ മൻധൻ യോജന



പ്രധാൻ മന്ത്രി കിസാൻ മൻധൻ യോജന എന്ന ഈ പദ്ധതി പ്രകാരം കർഷകർക്കാണ് പെൻഷൻ ലഭിക്കുക. 18-നും 40-നും ഇടയിൽ പ്രായമുള്ള ഏതൊരു കർഷകനും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. 60 വയസിനുശേഷം പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. ഇതുവരെ 20 ലക്ഷത്തോളം കർഷകർ ഈ പദ്ധതിയിൽ അംഗങ്ങളാണ്.



പ്രധാനമന്ത്രി സ്‌മോൾ ബിസിനസ് മൻധൻ യോജന



2019-ൽ ജാർഖണ്ഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായികൾക്ക് വേണ്ടിയുള്ള ഒരു പെൻഷൻ പദ്ധതിയാണ് ഇത്. ചെറുകിട വ്യവസായികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി പ്രകാരം 60 വയസിനു ശേഷം 3000 രൂപയാണ് പെൻഷൻ ലഭിക്കുക.



കോമൺ സർവീസ് സെന്ററിലൂടെ നിങ്ങൾക്ക് ഈ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഈ പെൻഷൻ പദ്ധതിയിൽ ഗവൺമെന്‍റും തുല്യമായ സംഭാവന ചെയ്യും. രജിസ്റ്റർ ചെയ്യാൻ ആധാർ നമ്പറും ബാങ്ക് അക്കൗണ്ടുമല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല.

No comments