Breaking News

വെള്ളരിക്കുണ്ട് കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തുന്നവർക്ക് തണലേകാൻ പന്തലൊരുങ്ങി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി 'ബളാൽ നമ്മുടെ ഗ്രാമം' കൂട്ടായ്മ ശ്രദ്ധേയമാകുന്നു


വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഇനി വെയിൽ കൊള്ളാതെ വരി നിൽക്കാം. 'ബളാൽ നമ്മുടെ ഗ്രാമം' കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തിൽ തണൽ പന്തൽ നിർമ്മിച്ച് നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് ഫിലിപ്പാണ് കോവിഡ് പരിശോധനക്ക് എത്തുന്നവർ കഠിനമായ വെയിലത്ത് നിൽക്കേണ്ടി വരുന്ന ദുരവസ്ഥ കഴിഞ്ഞ ദിവസം ബളാൽ നമ്മുടെ ഗ്രാമം കൂട്ടായ്മ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയത്. പരിപൂർണ്ണ പിന്തുണ അറിയിച്ച് ഒറ്റ രാത്രികൊണ്ട് ഇവർ പന്തലിൻ്റെ പണി പൂർത്തീകരിച്ച് നൽകി. 

നിഖിൽ വടക്കെതൊട്ടിയിൽ, എൽ.കെ ബഷീർ,രാധാകൃഷ്ണൻ കാരയിൽ, എബിൻ തേക്കുംകാട്ടിൽ, ജോമോൻ കൊച്ചമ്പഴം, ജിലു മേനാംപറമ്പിൽ, മനേഷ്, റീജൻ മൂലയിൽ, ദീപു, ജെസ്റ്റിൻ കരിന്തോളിയിൽ, സുനിൽ കണ്ടത്തിൽ എന്നിവരുടെ അധ്വാനത്തിലൂടെയാണ് തണൽ പന്തൽ ഒരുങ്ങിയത്. സ്ഥലത്ത് ഇല്ലാതിരുന്നിട്ട് കൂടി  അഡ്മിൻമാരിൽ ഒരാളായ ടിജൊ തോമസ് കപ്പലുമാക്കൽ ടെലഫോൺ വഴി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൂടെ നിന്നു.


ഇതിനോടകം ഒട്ടേറെ സാമൂഹ്യ പ്രതിബന്ധതയുള്ള പ്രവർത്തനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തി മലയോരത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന കൂട്ടായ്മയായി മാറിയിരിക്കുകയാണ് 'ബളാൽ നമ്മുടെ ഗ്രാമം'.


 സേവന സന്നദ്ധരും സാധാരണക്കാരുമായ ബളാലിലെ ഒരു പറ്റം മനുഷ്യസ്നേഹികളാണ് ഈ കൂട്ടായ്മയുടെ കരുത്ത്.

കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 17 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ അർഹരുടെ കൈകളിലേക്ക് എത്തിച്ചത്.

പത്ത് പേരടങ്ങുന്ന അഡ്മിൻ പാനലാണ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നത്. ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ പൊതുനന്മ മാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ് കൂട്ടായ്മയുടെ പ്രവർത്തനം. വിവാദങ്ങൾക്കോ വിഭാഗീയതയ്ക്കോ വഴി വെക്കാതെ മലയോരത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന തരത്തിലേക്ക് ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി ബളാൽ നമ്മുടെ ഗ്രാമം വളർന്നു വരുന്നത് നാടിന് ശുഭപ്രതീക്ഷ പകരുന്നു.




🖋️ചന്ദ്രു വെള്ളരിക്കുണ്ട്(9496471939)

🖥️ ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്

No comments